കുട്ടനാട് കൈനകരി അനിത കൊലക്കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ വിധിച്ച് കോടതി. കൈനകരി സ്വദേശിനി രജനിക്കാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം ഒന്നാംപ്രതി നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍വീട്ടില്‍ പ്രബീഷിന് വധശിക്ഷ വിധിച്ചിരുന്നു. പ്രബീഷിന്റെ പെണ്‍സുഹൃത്താണ് രജനി.
മയക്കുമരുന്ന് കേസില്‍ ഒഡിഷയിലെ ജയിലില്‍ കഴിയുന്നതിനാല്‍ രജനിയുടെ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചിരുന്നു. രജനിയെ നേരിട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച പ്രതിയെ നേരിട്ട് ഹാജരാക്കിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. പുന്നപ്ര സ്വദേശിയായ അനിത(32)യെയാണ് പ്രബീഷും പെണ്‍സുഹൃത്തായ രജനിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2021 ജൂലായ് ഒന്‍പതിനായിരുന്നു സംഭവം.
വിവാഹിതനായ പ്രബീഷ് ഒരേസമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലിചെയ്യുകയായിരുന്ന അനിതയെ ജൂലായ് ഒമ്പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി. പിന്നാലെ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിക്കുകയും അനിതയെ പ്രബീഷ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്ന് കരുതി ഇരുവരും ചേര്‍ന്ന് പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

