കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി വരുകയാണ്. ആരോഗ്യ വകുപ്പ് വിവിധ ഫ്ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകള്‍ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ഡിഎല്‍എഫ് ഫ്ലാറ്റില്‍ വയറിളക്ക രോഗബാധയെ തുടര്‍ന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കല്‍ ഓഫിസര്‍ ഫ്ലാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കി. 4,095 നിവാസികളാണ് 15 ടവറുകളിലായി ഫ്ലാറ്റില്‍ താമസിക്കുന്നത്. നിലവില്‍ പകര്‍ച്ചവ്യാധിയ്ക്കിടയാക്കിയ കുടിവെള്ള വിതരണം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ശാസ്ത്രീയവും ആരോഗ്യകരവുമായ ശുദ്ധജല സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിനും കൃത്യമായ കാലയളവില്‍ സൂപ്പര്‍ ക്ലോറിനേഷന്‍, അംഗീകൃത സര്‍ക്കാര്‍ ലാബില്‍ നിന്നുമുള്ള പരിശോധനകള്‍ എന്നിവ നടത്തി രേഖകള്‍ സൂക്ഷിക്കുവാനും പരിശോധനാധികാരികള്‍ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതിനും നോട്ടീസില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചികിത്സയിലുള്ള രണ്ടു പേരില്‍ നിന്ന് രണ്ട് സാമ്പിളുകള്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേയ്ക്കും, എന്‍ഐവി ആലപ്പുഴ യൂണിറ്റിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. മൂന്ന് കുടിവെള്ള സാമ്പിളുകള്‍ കൂടി ബാക്ടീരിയോളജിക്കല്‍ അനാലിസിസിന് വേണ്ടി ഇന്നലെ പരിശോധനയ്‌ക്കെടുത്തു. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ജനറല്‍ ആശുപത്രി, എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവയുമായി സഹകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു.
English Summary:Kakkanad DLF Flat: Presence of coliform bacteria in samples
You may also like this video