മലയാള സിനിമയുടെ അമ്മ മനസായ കവിയൂർ പൊന്നമ്മയ്ക്ക് യാത്രാമൊഴിയേകി കലാകേരളം. ആലുവ കരുമാലൂരിലെ വീട്ടുവളപ്പിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മലയാള സിനിമയിലെ പ്രമുഖരടക്കം വലിയ നിരയായിരുന്നു പൊതുദർശനത്തിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്. കരുമാലൂരില്‍ പെരിയാറിനോട് ചേർന്നുള്ള ശ്രീപീഠം വീടിന്റെ വളപ്പിൽ ആയിരുന്നു അന്ത്യയാത്രയ്ക്കായി ചിതയൊരുക്കിയത്. മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകള്‍ കളമശേരി ടൗൺഹാളിലുമെത്തിയിരുന്നു.
സംസ്ഥാന സർക്കാരിന് വേണ്ടി വ്യവസായ മന്ത്രി പി രാജീവ് റീത്ത് സമർപ്പിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ജയൻ ചേർത്തല, മനോജ് കെ ജയൻ, ബാബു ആന്റണി, കുഞ്ചൻ, പ്രേംകുമാർ, രമേഷ് പിഷാരടി, സിനിമാ സംവിധായകരായ വിനയൻ, രഞ്ജി പണിക്കർ, ബി ഉണ്ണികൃഷ്ണൻ, ജോഷി, സത്യൻ അന്തിക്കാട്, നടിമാരായ അനന്യ, പൊന്നമ്മ ബാബു, ബീന ആന്റണി, സീമ ജി നായർ, മഞ്ജുപിള്ള, ജോമോൾ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാസദാനന്ദൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎൽഎമാരായ അൻവർ സാദത്ത്, ഉണ്ണികൃഷ്ണൻ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു,