കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടക്കുമ്പോള്‍ കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യാമാതാവും
ഹാളില്‍ ഉണ്ടായിരുന്നു. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ഭാര്യാമാതാവും ഹാളിലുണ്ട് എന്നതുകൊണ്ട് കൃത്യത്തില്‍ നിന്നും പിന്മാറിയില്ല. സ്‌ഫോടനത്തില്‍ ഭാര്യാമാതാവിന് പരിക്കേറ്റില്ലെന്നും മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.
ബോംബ് പെട്രോളും ഗുണ്ടും പടക്കവും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. കൊച്ചിയിലെ പല കടകളില്‍ നിന്നായിട്ടാണ് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങിയതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. എല്ലാത്തിന്റേയും ബില്ലുകളും വാങ്ങി. തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നാണ് 50 ഗുണ്ടുകള്‍ വാങ്ങിയത്. എറണാകുളത്തെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത് എന്നും ഡൊമിനിക് പറഞ്ഞു. മൂവായിരത്തോളം രൂപയാണ് സ്‌ഫോടനം നടത്തുന്നതിന് ചെലവായത്. ബാറ്ററിയോടു ചേര്‍ത്തുവെച്ച ഗുണ്ടാണ് സ്പാര്‍ക്ക് ഉപയോഗിച്ച് പൊട്ടിച്ചതെന്നും ഡൊമിനിക് മാര്‍ട്ടിന്‍ പറഞ്ഞു.
ഡൊമിനിക് മാര്‍ട്ടിന്‍ ഹാളിലെത്തുമ്പോള്‍ സംഘാടകരായ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കസേരയ്ക്ക് അടിയില്‍ പ്ലാസ്റ്റിക് കവറുകളിലാണ് ബോംബുകള്‍ വെച്ചത്. പിന്‍നിരയിലിരുന്ന ഡൊമിനിക് മാര്‍ട്ടിന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത് മൊബൈല്‍ ഫോണില്‍ ഡൊമിനിക് ചിത്രീകരിക്കുകയും ചെയ്തു.
ഇവിടെ നിന്നും സ്‌കൂട്ടറിലാണ് ഇയാള്‍ കൊരട്ടിയിലേക്ക് പോകുന്നത്. ഇവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ഫെയ്‌സ്ബുക്ക് ലൈവിന് വേണ്ട വീഡിയോ ചിത്രീകരിച്ച ശേഷം സ്‌കൂട്ടറില്‍ ഇയാള്‍ തൃശൂര്‍ ഭാഗത്തേക്ക് പോയി. തുടര്‍ന്നാണ് കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്.
English Summary: Kalamassery blast; Dominic’s wife and mother were present in the hall where the bomb was placed
You may also like this video