Site icon Janayugom Online

കളമശ്ശേരി സ്‌ഫോടനം; സ്ഥലത്തുണ്ടായിരുന്ന എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും: ആരോഗ്യമന്ത്രി

കളമശ്ശേരിയില്‍ സ്‌ഫോടന സ്ഥലത്തുണ്ടായിരുന്ന എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ആശുപത്രിയുലുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് 14 അംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. സെക്കന്ററിതല ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അണുബാധ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നല്‍കും. ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ്ലൈന്‍ ഈ ആഴ്ച കൂടി പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സ്‌ഫോടനത്തിന്റെ ആഘാതം മൂലം മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കും. ഇതുവഴി സ്‌ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവന്‍ പേര്‍ക്കും മാനസിക പിന്തുണ നല്‍കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് സ്‌ഫോടന ദിവസം പരിപാടിയില്‍ പങ്കെടുത്തത്. മാനസികാരോഗ്യ പരിപാടി, ടെലി മനസ് എന്നിവയിലൂടെയാണ് മാനസിക പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നത്. നിസാര പരിക്കേറ്റവര്‍ക്കും മറ്റുള്ളവര്‍ക്കും ഫോണ്‍ വഴിയാകും മാനസിക പിന്തുണ നല്‍കുക. അതില്‍ മാനസിക ബുദ്ധിമുട്ട് കൂടുതലുള്ളവര്‍ക്ക് നേരിട്ടുള്ള സേവനവും ഉറപ്പാക്കും. ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് അതത് ആശുപത്രികളുടെ പിന്തുണയോടെയാകും സേവനം നല്‍കും. മാനസിക പിന്തുണ ആവശ്യമായവര്‍ക്ക് ടെലിമനസ് 14416 എന്ന നമ്പരിലും വിളിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സ്വകാര്യ മാനസികാരോഗ്യ വിദഗ്ധരുടേയും സംഘടനകളുടേയും പിന്തുണ തേടുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

Eng­lish Sum­ma­ry: Kala­massery blast; Men­tal sup­port will be ensured to all those present: Health Minister

You may also like this video

Exit mobile version