Site iconSite icon Janayugom Online

കാളിദേവി മേരി മാതാവായി: ക്ഷേത്ര പൂജാരി അറസ്റ്റില്‍

കാളി ക്ഷേത്രത്തിലെ ദേവി വിഗ്രഹം മേരി മാതാവിനോട് സാമ്യമുള്ള രീതിയിൽ അലങ്കരിച്ച പൂജാരി അറസ്റ്റില്‍. മുംബൈയിലെ ചെമ്പൂര്‍ അനിക് വില്ലേജിലെ ഹിന്ദു ശ്മശാനത്തിനുള്ളിലെ കാളി ക്ഷേത്രത്തിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ക്ഷേത്ര പൂജാരി രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സ്വർണ്ണ വസ്ത്രവും വെളുത്ത അലങ്കാരങ്ങളോടുകൂടിയ വലിയ കിരീടവും, മുകളിലായി സ്വർണ്ണ കുരിശും വിഗ്രഹത്തിൽ സ്ഥാപിച്ച നിലയിൽ ഫോട്ടോകൾ പുറത്തുവന്നു. പരമ്പരാഗതമായി കറുപ്പ് അല്ലെങ്കിൽ കടും നീല നിറത്തിലുള്ള കാളിദേവിയുടെ മുഖത്ത് വെളുത്ത ചായം പൂശിയതായും, കുഞ്ഞായ യേശുവിനെ പ്രതിനിധീകരിക്കുന്നതിനായി ഒരു കുട്ടിയുടെ രൂപം കൈയിൽ പിടിച്ചിരിക്കുന്നതായും ചിത്രങ്ങളില്‍ വ്യക്തമാകും.
ശ്രീകോവിലിന്റെ പശ്ചാത്തലം ചുവന്ന തുണിയാൽ മറച്ച് വലിയ സ്വർണ്ണ കുരിശ് ആലേഖനം ചെയ്ത് ലൈറ്റുകളും ടിൻസലും ഘടിപ്പിച്ചിരുന്നു. ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് മാതാവ് മറിയത്തിന്റെ രൂപത്തിൽ അലങ്കരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു പൂജാരിയുടെ വിശദീകരണം. വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ് സ്ഥലത്തെത്തി വിഗ്രഹം പഴയ സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കാന്‍ നടപടിയെടുത്തു. പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
പൂജാരിയെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാറ്റം വരുത്താനുള്ള കാരണം, ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്ന് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനായി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തിയതിനും ആരാധനാലയത്തിന് കേടുപാടുകൾ വരുത്തുന്നതിനും ബിഎന്‍എസ് സെക്ഷൻ 299 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Exit mobile version