കതിരോനന്തിച്ചു നിൽക്കുമീ സന്ധ്യയിലെരിയും
ചിതയെന്നിലെ മൗനവല്മീകമുടയ്ക്കുന്നു
അഗ്നിക്കരങ്ങളിലുറങ്ങുമാ മൃദുഗാത്രത്തിൽ
അശ്രുഹാരമണിയിച്ചു വിടചൊല്ലവെ,
ഈറ്റില്ലത്തിന്നിടനാഴിയിൽ നിന്നു മുഴങ്ങും
ആദ്യരോദനപ്പൊരുൾ തിരയുന്നു ഞാൻ
ഇരുൾമൂടിയ ഗർഭഗൃഹഗഹ്വരത്തിൽ നിന്നു
വിമോചിതനായ കേവലാഹ്ലാദമോ?
ഇരുകാലികൾ വാഴും തൊഴുത്തിൽപ്പിറന്ന
ജന്മാന്തരദുഃഖമോ?
പുല്ലിലും പുഴുവിലും പുള്ളികൾവീണപൂവിൻ
ദളത്തിലും ജീവകണങ്ങൾ സ്പന്ദിക്കുമ്പോഴും
കുഞ്ഞേ, നിഴലായ് നിന്നെതഴുകിയ മരണവും
ഗോളാന്തരങ്ങളിൽ ഗോലികളിക്കും മർത്ത്യന്റെ
വിരൽത്തുമ്പിൽ കെട്ടിയ നൂലിലെ ചലിക്കുന്ന
കളിപമ്പരമാകും മാത്രകളെണ്ണി നിദ്രകൊള്ളുന്നു
എന്നിലെ സ്വപ്നങ്ങളൊക്കെയരികിലണച്ചു വച്ചു
ഈ പ്രപഞ്ചകൂടാരത്തിനുള്ളിൽ ഏകനായ് ഞാൻ