Site iconSite icon Janayugom Online

ആസ്വാദകര്‍ നെഞ്ചേറ്റി കൊല്ലം കലോത്സവം; കണ്ണൂർ ഒന്നാമത്

കൗമാര പ്രതിഭകളെ നെഞ്ചോടു ചേർത്ത് കൊല്ലത്ത് മികവുറ്റ പ്രകടനങ്ങളുമായി 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തുടരുന്നു. ഭരതനാട്യം, കുച്ചുപ്പുടി, ഒപ്പന, തിരുവാതിരകളി, കേരളനടനം, വട്ടപ്പാട്ട്, മിമിക്രി, ഓട്ടന്‍തുള്ളൽ തുടങ്ങിയ മത്സരങ്ങളെല്ലാം കലാസ്വാദകര്‍ ഏറ്റെടുത്ത ദിനങ്ങളാണ് പിന്നിട്ടത്. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു പല വേദികളിലേയും തിരക്ക്. ഇരിപ്പിടങ്ങൾ സദസിന് പുറത്തേക്കും നീളുന്ന കാഴ്ചയായിരുന്നു എങ്ങും.

കൗമാരകലാമേളയുടെ വർണസുന്ദരമായ മൂന്ന് രാപ്പകലുകൾ പിന്നിട്ടപ്പോൾ 24 വേദികളിലായി 178 മത്സരങ്ങൾ പൂർത്തിയായി. ഇതുവരെ 645 പോയിന്റുകൾ നേടി കണ്ണൂർ ജില്ല ഒന്നാമതാണ്. തൊട്ടുപിറകെ 630 പോയിന്റുകളോടെ കോഴിക്കോട് രണ്ടാം സ്ഥാനത്തും 628 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 613 പോയിന്റോടെ നാലാംസ്ഥാനത്ത് തൃശൂരും മുന്നേറുകയാണ്.

ഇഞ്ചോടിഞ്ച് മത്സരത്തിൽ ആതിഥേയരായ കൊല്ലം 607 പോയിന്റ് നേടി ഏറെ പിന്നിലല്ലാതെയുണ്ട്. സ്കൂൾ തലത്തിൽ 156 പോയിന്റുമായി പാലക്കാട് ആലത്തൂർ ഗുരുകുലം ഹയർസെക്കൻഡറി സ്കൂളാണ് മുന്നിൽ. സ്വർണക്കപ്പിനായുള്ള തേരോട്ടത്തിൽ പോയിന്റുകൾ മാറ്റി മറിക്കാൻ സംഘനൃത്തം, കോൽക്കളി, നാടകം, മാപ്പിളപ്പാട്ട് തുടങ്ങി 54 ഇനങ്ങൾ ഇന്ന് അരങ്ങേറും. കലോത്സവം നാളെ സമാപിക്കും.

Eng­lish Sum­ma­ry: kalol­savam 2024
You may also like this video

Exit mobile version