വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന കലോത്സവത്തിന്റെ നാടോടി നൃത്തവേദിയിൽ അച്ഛൻ ചിലങ്ക കെട്ടി ആടി വിജയം കരസ്ഥമാക്കിയ അതേ ഇനത്തിൽ അതേ സ്കൂളിന് വേണ്ടി മകളും മത്സരിക്കാൻ ഇറങ്ങിയപ്പോൾ മലപ്പുറം സ്വദേശിയായ ഹരീഷ് നമ്പ്യാർക്ക് അത് സ്വപ്ന സാക്ഷാല്‍ക്കാരമായി. പത്താം ക്ലാസുകാരിയായ ആർദ്രയ്ക്ക് അച്ഛനാണ് ആദ്യ ഗുരു.
അച്ഛന്‍ മത്സരിച്ചപ്പോള്‍ ആലപ്പുഴയിലായിരുന്നു കലോത്സവ വേദി. തിരുനാവായ നാവാ മുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് അന്ന് ഹരീഷ് എത്തി ഒന്നാംസ്ഥാനം നേടിയത്. ചെറുപ്പം മുതൽ ആര്‍ദ്ര നൃത്തം പഠിച്ചുതുടങ്ങിയിരുന്നു. ഇപ്പോൾ അബുദാബിയിൽ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ്.
മകളുടെ നൃത്തം കാണാനായി അബുദാബിയിൽ നിന്നും വന്നതാണ് ഹരീഷ്. ആർദ്രയ്ക്ക് കാലിന് ചെറിയ പരിക്കുകൾ ഉണ്ട്. എന്നാൽ അതൊന്നും വകവയ്ക്കാതെയാണ് നാടോടി നൃത്ത മത്സരത്തിൽ നിറഞ്ഞാടിയത്. അമ്മ ശ്രീജ. സൂരജ് മാഷാണ് നാടോടി നൃത്തം പഠിപ്പിച്ചത്.