Site iconSite icon Janayugom Online

അരികിലുണ്ടെങ്കിലും അകലെയാണച്ഛന്‍

‘അച്ഛനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു…പക്ഷേ പറ്റിയില്ല..’ ഒമ്പതാം ക്ലാസുകാരി ലയയുടെ സ്വരത്തിൽ സങ്കടവും സന്തോഷവും കലർന്നിരുന്നു. നീണ്ട 10 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കേരള സ‌്കൂൾ കലോത്സവത്തിന് പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്എസ് എത്തുന്നത്. നീണ്ടകരയിലെ മത്സ്യത്തൊഴിലാളിയായ അച്ഛൻ കയ്യെത്തും ദൂരത്തുണ്ടായിട്ടും കാണാത്തതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു. എച്ച്എസ് വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാനാണ് പാലക്കാട് നിന്നും ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൈതാനിയിലേക്ക് ലയയും കൂട്ടുകാരും എത്തിയത്.

15 വർഷത്തോളമായി കൊല്ലം നീണ്ടകരയിലെ മത്സ്യത്തൊഴിലാളിയാണ് ലയയുടെ അച്ഛൻ റെജീഷ്. കണ്ണൂർ സ്വദേശിയായ റെജീഷും കുടുംബവും ഇപ്പോൾ പാലക്കാട് കൊല്ലങ്കോടാണ് താമസം. കഴിഞ്ഞ ഡിസംബർ 30നാണ് റെജീഷ് ഒടുവില്‍ നാട്ടിൽ എത്തിയത്. വേദിയിൽ കയറുന്നതിന് മുമ്പ് അച്ഛനെ കാണണമെന്നത് ലയയുടെ ആഗ്രഹമായിരുന്നു. പക്ഷേ സ്കൂളിൽ നിന്നും സംഘമിങ്ങെത്തിയപ്പോഴേക്കും റെജീഷ് ജീവിതമാർഗത്തിനായി കടലിൽ പോയി. ഇന്ന് പുലർച്ചയോ നാളെയോ അവർ തിരിച്ചെത്തും. അപ്പോഴേക്കും കുട്ടികളുമായി അധ്യാപകർ പാലക്കാട്ടേക്ക് മടങ്ങിയിരിക്കും. അമ്മ ബിന്ദുവും സഹോദരനായ അഞ്ചാം ക്ലാസുകാരൻ ലയേഷും അടങ്ങുന്നതാണ് കുടുംബം. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലളിതഗാന മത്സരത്തിലാണ് സംസ്ഥാന തലത്തിൽ വടവന്നൂർ വിഎംഎച്ച്എസിന്റെ അവസാന പങ്കാളിത്തം. നീണ്ട ഇടവേളയ്ക്ക് ശേഷം വിഎംഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി കുട്ടികൾ കേരള ‌സ‌്കൂൾ കലോത്സവത്തിന്റെ വഞ്ചിപ്പാട്ടിന് എത്തി എ ഗ്രേഡ് സ്വന്തമാക്കി മടങ്ങി. അതോടെ എച്ച്എസ് കുട്ടികൾക്കും ആവേശമായി. അവരും കുട്ടനാടൻ ശൈലിയിലുള്ള വഞ്ചിപ്പാട്ട് പാടിത്തകർത്തു. അധ്യാപികമാരായ അഞ്ജു, സജ്ന എന്നിവര്‍ ചേർന്നാണ് കുട്ടികളെ പരിശീലിപ്പിച്ചത്. 

Eng­lish Summary;kalolsavam-kollam

You may also like this video

Exit mobile version