കോഴിക്കോട്: അവസാന നിമിഷം വരെ ഉദ്വേഗഭരിതമായ നിമിഷങ്ങൾ സമ്മാനിച്ച മത്സരത്തിൽ കലോത്സവത്തിന്റെ സുവർണ കിരീടം കോഴിക്കോടിന്. ആവേശം നിറഞ്ഞ അഞ്ച് രാപ്പകലുകള്‍ 24 വേദികളിൽ മാറ്റുരച്ച് ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാടിനെയും കണ്ണൂരിനെയും പിന്തള്ളി 945 പോയിന്റുമായാണ് 61-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയര്‍ കിരീടമണിഞ്ഞത്.
20-ാം തവണയാണ് കോഴിക്കോട് സ്വർണ കിരീടം ചാർത്തുന്നത്. പാലക്കാടും കണ്ണൂരും 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാമതെത്തി. എറണാകുളം 881, മലപ്പുറം 880 എന്നിങ്ങനെയാണ് പോയിന്റ് നില.
ഹൈസ്കൂൾ വിഭാഗത്തിൽ 446 പോയിന്റുമായി കോഴിക്കോടാണ് ഒന്നാമത്. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശൂർ മൂന്നാമതുമാണ്. കണ്ണൂരിന് 425 പോയിന്റ് ലഭിച്ചു. ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്.
സംസ്കൃത കലോത്സവത്തിൽ 95 പോയിന്റുമായി കൊല്ലവും എറണാകുളവും ഒന്നാമതെത്തി. അറബിക് കലോത്സവത്തിൽ 95 പോയിന്റുമായി പാലക്കാട്, കോഴിക്കോട്, കണ്ണൂർ ടീമുകൾ ഒന്നാമതെത്തി. സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് എസ് ഗുരുകുലം സ്കൂൾ 156 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി. 142 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഇഎം ഗേൾസ് എച്ച്എസ്എസ് രണ്ടാം സ്ഥനത്ത് എത്തി. 114 പോയിന്റ് ലഭിച്ച കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.
ആതിഥേയരായ കോഴിക്കോടിനെയും നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിനെയും പിന്നിലാക്കി ആദ്യദിനം മുതൽ കണ്ണൂരിന്റെ മുന്നേറ്റമായിരുന്നു. എന്നാൽ അവസാന ദിവസങ്ങളിൽ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് കുതിച്ചു. പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തം മണ്ണിൽ തിരിച്ചുപിടിക്കുകയായിരുന്നു കോഴിക്കോട്.
പ്രധാന വേദിയായ വിക്രം മൈതാനിയിൽ പ്രൗഢോജ്ജ്വല പുരുഷാരത്തെ സാക്ഷിനിർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്കാര സമ്പന്നമായ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യം കൂടി കലോത്സവത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി സമ്മാനദാനം നിർവഹിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട സുവനീർ മന്ത്രി ആന്റണി രാജു, മേയർ ഡോ. ബീന ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു. ഇത്ര ഭംഗിയായി കലോത്സവം നടക്കുന്നത് കേരളത്തിൽ മാത്രമാണെന്ന് വിശിഷ്ടാതിഥി ഗായിക കെ എസ് ചിത്ര പറഞ്ഞു. താൻ സ്കൂൾ കലോത്സവവേദിയിൽ പാടിയ ”ഓടക്കുഴലേ… ” എന്ന ഗാനം ഗൃഹാതുര സ്മൃതികളോടെ ചിത്ര ഒരിക്കൽകൂടി ആലപിച്ചു. പ്രധാനവേദിയായ ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള മൈതാനത്ത് കലാമേളയുടെ സമാപനച്ചടങ്ങില്‍ വിക്രമിന്റെ മാതാപിതാക്കളെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി എന്നിവർ ചേർന്ന് ആദരിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് വിവിധ സബ്കമ്മിറ്റികളുടെ കൺവീനർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഉപഹാരം നൽകി. എംപിമാരായ എം കെ രാഘവൻ, എളമരം കരീം, എംഎൽഎമാരായ ഇ കെ വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, അഡ്വ. കെ എം സച്ചിൻ ദേവ്, ടി പി രാമകൃഷ്ണൻ, കെ പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.