സംസ്ഥാന സ്കൂൾ കലോത്സവം വേദി ആറ്, നാരകംപൂരം സെന്റ് ജോസഫ് ബോയ്സ് സ്കൂളിൽ മോണോആക്ട് മത്സരങ്ങൾ തകൃതിയായി നടക്കുമ്പോൾ കാണികൾക്കിടയിൽ രണ്ടുപേർ സസൂക്ഷ്മം കുട്ടികളുടെ പ്രകടനം ആസ്വദിക്കുന്നുണ്ട്.
സങ്കടവും സന്തോഷവും വേദനയും നിരാശയും ചിരിയും പൊട്ടിച്ചിരിയുമെല്ലാം മത്സരാർത്ഥികളുടെ മുഖങ്ങളിൽ മിന്നിമറിയുമ്പോൾ അവർക്കൊപ്പം അവരും സഞ്ചരിച്ചു. സന്തോഷം വരുമ്പോൾ ഉറക്കെചിരിച്ചു, വേദനയുള്ള രംഗങ്ങൾ അൽപം നൊമ്പരത്തോടെ ഏറ്റുവാങ്ങി. വൈകാരിക മുഹൂർത്തങ്ങൾ വേലിയേറ്റം സൃഷ്ടിച്ച മോണോആക്ട് വേദിയിലെ രംഗങ്ങൾ പക്ഷെ അവർ രണ്ടുപേരും കണ്ടത് അകക്കണ്ണുകൊണ്ടാണ്. ജന്മനാ കാഴ്ചയെന്ന വിസ്മയം അനുഭവിക്കാനാവാത്തവരാണ് സിദ്ദിഖ്- റംല ദമ്പതികള്‍. പൂർണമായും കാഴ്ചയില്ലാത്ത രണ്ടുപേർ. എല്ലാവരും വേദിയിൽ മത്സരം കണ്ടപ്പോൾ മനസിൽ കെട്ടിപ്പൊക്കിയ കലോത്സവ വേദിയിൽ അകകണ്ണുകൊണ്ടാണ് റംലയും സിദ്ദിഖും കൗമാരകലോത്സവം കണ്ടത്. പാലക്കാട് സ്വദേശികളാണ് ഈ ദമ്പതികൾ. തിരുവനന്തപുരം ഗവ. ബീമാപള്ളി സ്കൂളിലെ അധ്യാപികയാണ് റംല. കാഴ്ച ഇല്ലാതിരുന്നിട്ടുകൂടി കുട്ടികളുമായി സംവദിക്കുന്നതിൽ നേടിയ അനുഭവസമ്പത്ത് കൈമുതലായുള്ള റംല മത്സരാർത്ഥികളുടെ ഓരോ പ്രകടനത്തിന് ശേഷവും അതിനെ പറ്റി ഭർത്താവ് സിദ്ദിഖിന് വിവരിച്ച് നൽകുന്നതും കാണാമായിരുന്നു.
വിശദീകരണത്തിൽ പാളിച്ചയുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി തിരുത്തുകയാണ് സിദ്ദിഖ്.. ഹയർ സെക്കൻഡറി വിഭാഗം മോണോആക്ടിൽ തെരുവ് നായയുടെ നൊമ്പരങ്ങൾ പ്രമേയമാക്കി അവതരിപ്പിച്ച പ്രകടനമാണ് ഇരുവരുടെയും മനം കവർന്നത്. റംല നാളെ സിദ്ദിഖിനൊപ്പം കലോത്സവ വേദിയിലേക്ക് മടങ്ങിയെത്തും, തനിക്ക് ഏറെ പ്രിയപ്പെട്ട മാപ്പിളപാട്ട് മത്സരത്തിന് സാക്ഷിയാകാൻ.
English Summary: Kalolsavam updates
You may also like this video