Site iconSite icon Janayugom Online

കലോത്സവം 2025: കല,സംസ്കാരം, മികവ് എന്നിവയുടെ ആഘോഷം

കഴിഞ്ഞ അഞ്ച് ദിനരാത്രങ്ങളിലായി ഈ വർഷത്തെ കലോത്സവത്തിൽ 25 കലാവേദികളിൽ പ്രദർശിപ്പിച്ച മികച്ച പ്രകടനങ്ങൾ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു. 15,000ത്തിലധികം പ്രതിഭകൾ പങ്കെടുക്കുന്ന മേള, രക്ഷിതാക്കൾ, അധ്യാപകർ, മാധ്യമങ്ങൾ, കലാപ്രേമികൾ എന്നിവരടങ്ങുന്ന സദസിനു മുമ്പിൽ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കി. കലോത്സവത്തിന്റെ ഈ പതിപ്പ് ഉൾക്കൊള്ളുന്നതിലും വൈവിധ്യത്തിലും ഒരു പുതിയ അധ്യായം അടയാളപ്പെടുത്തി. ആദ്യമായി തദ്ദേശീയ ജനതയുടെ കലാരൂപങ്ങൾ പ്രദർശന വിഭാഗങ്ങളിൽ നിന്ന് മുഖ്യധാരാ മത്സര വിഭാഗങ്ങളിലേക്ക് ഉയർത്തപ്പെട്ടു. ഇത്തവണ തദ്ദേശീയ ജനതയുടെ കലാരൂപങ്ങൾ മത്സര ഇനങ്ങളായി ഉണ്ടാകുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൊല്ലം കലോത്സവത്തിൽ പ്രഖ്യാപിച്ചിരുന്നു. ഈ കലാരൂപങ്ങളിൽ 14 ജില്ലകളിലെയും കുട്ടികളുടെ ആവേശകരമായ പങ്കാളിത്തം ഈ ഉദ്യമത്തിലൂടെ വളർത്തിയെടുത്ത ഐക്യത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും തെളിവാണ്. ഭാഷാപരവും സാംസ്കാരികവുമായ അതിർവരമ്പുകൾ മറികടന്ന് ഈ പരമ്പരാഗത കലാരൂപങ്ങളെ സ്വീകരിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കുന്നത് പ്രചോദനകരമാണ്.
ഏകോപനത്തിലൂടെ വെല്ലുവിളികളെ മറികടന്നു
കലോത്സവം തിരുവനന്തപുരത്ത് എത്തിയപ്പോൾ, വർധിച്ച ട്രാഫിക്, പാർക്കിങ് പ്രശ്നങ്ങൾ, ചില വേദികളിലെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നു. എന്നിരുന്നാലും, വിവിധ ഏജൻസികൾ തമ്മിലുള്ള കൃത്യമായ ആസൂത്രണവും ഏകോപനവും പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് വകുപ്പും മോട്ടോർ വാഹന വകുപ്പും ഗതാഗതം തടസമില്ലാതെ നിയന്ത്രിച്ചതിന് പ്രത്യേക അംഗീകാരം അർഹിക്കുന്നു. സെൻട്രൽ സ്റ്റേഡിയത്തിലും പുത്തരിക്കണ്ടം മൈതാനത്തും വൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടും കാര്യമായ തടസങ്ങളൊന്നും ഉണ്ടായില്ല.
അടിസ്ഥാന സൗകര്യമൊരുക്കലും സംഘാടനവും
ഈ വർഷത്തെ കലോത്സവത്തിന്റെ പ്രത്യേകത പ്രധാന, ഭക്ഷണ പന്തലുകളുടെ ജർമ്മൻ‑പ്രചോദിത രൂപകല്പനയായിരുന്നു, ഇത് വേദിയുടെ ഏത് ഭാഗത്തുനിന്നും തടസമില്ലാത്ത കാഴ്ചകൾ കാണികൾക്ക് സമ്മാനിച്ചു. ജില്ലയിലെമ്പാടുമുള്ള സ്കൂളുകളിൽ നിന്നുള്ള സംഭാവനകളോടെ ഭക്ഷണശാല മികച്ച വിജയമായിരുന്നു. ഭക്ഷണശാലയിൽ ഒരേസമയം 4,000 പേർക്ക് ഭക്ഷണം കഴിക്കാൻ അവസരമൊരുക്കി, 1,000 വ്യക്തികൾക്കുള്ള അധിക വിശ്രമകേന്ദ്രങ്ങൾ, ദൈനംദിന സാംസ്കാരിക പരിപാടികൾ, കലാ കായിക വാർത്താചിത്രങ്ങളുടെ എക്സിബിഷൻ എന്നിവ കൊണ്ട് ഭക്ഷണശാല മികവുറ്റതായി.
കമ്മിറ്റികൾ മുന്നിലും പിന്നിലും
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 19 കമ്മിറ്റികൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി. താമസം മുതൽ ഗതാഗതം വരെ, ഓരോ കമ്മിറ്റിയും അതിന്റെ ചുമതലകൾ കൃത്യതയോടെ നിർവഹിച്ചു. 26 സ്കൂളുകൾ മത്സരാർത്ഥികളെ പാർപ്പിക്കാൻ തയ്യാറാക്കി, അധിക സ്കൂളുകൾ റിസർവ് ആയി സജ്ജമാക്കി. ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി 200ലധികം വാഹനങ്ങൾ അണിനിരത്തി മത്സരാർത്ഥികളുടെ വേദികൾക്കിടയിലുള്ള യാത്ര സുഗമമാക്കി. വിവിധ ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ സൗജന്യ സേവനങ്ങളും നൽകി.
ഗ്രീൻ പ്രോട്ടോക്കോളിനോടുള്ള പ്രതിബദ്ധത
പരിസ്ഥിതി സുസ്ഥിരതയാണ് കലോത്സവം 2025ന്റെ പ്രധാന സന്ദേശങ്ങളിലൊന്ന്. തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള ഹരിത കർമ്മ സേന ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എല്ലാ വേദികളിലും ശുചിത്വം ഉറപ്പാക്കി. പ്രധാന വേദിയുടെ കലാപരമായ കമാനങ്ങളും മുൻഭാഗങ്ങളും അവയുടെ പരിസ്ഥിതി സൗഹൃദ രൂപകല്പനകളാൽ ശ്രദ്ധേയമായിരുന്നു.
ഓർമ്മിക്കാൻ ഒരു ഉത്സവം
249 മത്സര ഇനങ്ങളാണ് ഉണ്ടായിരുന്നത്. പ്രോഗ്രാം കമ്മിറ്റി ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സമയക്രമവും സുതാര്യതയും നിലനിർത്തി. സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആഘോഷത്തിന്റെ മുഹൂർത്തമായി മാറി, പ്രധാന വേദിയിലെ കലാപരമായ കൊടിമരം ഉത്സവത്തിന്റെ പ്രൗഢിയുടെ പ്രതീകമായി നിന്നു.
കലോത്സവം 2025 എന്നത് കലയുടെയും സംസ്കാരത്തിന്റെയും ആഘോഷം മാത്രമല്ല, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഘാടകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. കലോത്സവത്തിന്റെ ഉജ്വല വിജയം, ഭാവിയിൽ ഇത്തരം മഹത്തായ പരിപാടികൾ സംഘടിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നു. കലോത്സവ സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി എത്തിയ പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളായ ആസിഫ് അലിക്കും ടൊവിനോ തോമസിനും പ്രത്യേക നന്ദി.
ഐക്യത്തിന്റെയും പ്രതിഭയുടെയും കുറ്റമറ്റ സംഘാടനത്തിന്റെയും സ്മരണകൾ അവശേഷിപ്പിച്ചുകൊണ്ട് ഈ വർഷത്തെ കലോത്സവം കേരളത്തിന്റെ സാംസ്കാരിക ഭൂപ്രകൃതിയെ കൂടുതൽ മികവിലേക്ക് ഉയർത്തി.

Exit mobile version