Site iconSite icon Janayugom Online

കാമാഖ്യ നരബലിക്കേസ്: അഞ്ച് പേരെ അറസ്റ്റ് ചെയ്തു

kamakhyakamakhya

കാമാഖ്യ നരബലിക്കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നാണ് പ്രതികളെ ഗുവാഹട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മാതാ പ്രസാദ് പാണ്ഡെ, സുരേഷ് പാസ്വാൻ, കനു ആചാര്യ, രാജു ബാബ, പ്രദീപ് പഥക് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ സൂത്രധാരൻ പ്രദീപാണെന്ന് പൊലീസ് പറഞ്ഞു. 

2019ലാണ് അസമിലെ ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിന് സമീപം വയോധികയുടെ മൃതദേഹം തലയറുത്ത നിലയിൽ കണ്ടെത്തിയത്. കേസന്വേഷണത്തിന് സംസ്ഥാന പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നാല് വർഷത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.
പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിലെ സിതലകുച്ചി ഗ്രാമത്തിലാണ് മാതാ പ്രസാദ് താമസിച്ചിരുന്നതെന്ന് വിവരം ലഭിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് മരിച്ച സ്ത്രീയുടെ വസ്ത്രങ്ങൾ, ആധാർ കാർഡ്, മൊബൈൽ ഫോൺ, മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്തിയത്. ചാക്കിൽ തന്റെ വസ്ത്രങ്ങളുണ്ടെന്നും തിരികെ വരുമ്പോൾ അവ എടുക്കുമെന്നും പാണ്ഡെ വീട്ടുടമയോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. ഉടമയില്‍ നിന്ന് തന്നെയാണ് പ്രസാദ് ജബൽപൂരിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് മാര്‍ച്ച് 25നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്. 

ക്ഷേത്രത്തിൽ എല്ലാ വര്‍ഷവും നടക്കുന്ന അംബുബാച്ചി ഉത്സവം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. അംബുബാച്ചി ഉത്സവത്തില്‍ പങ്കെടുക്കാനായി ഗുവാഹത്തിയിലെത്തിയ പശ്ചിമ ബംഗാളിലെ ഹൂഗ്ലി സ്വദേശിനിയായ ശാന്തി ഷാ(64)യാണ് കൊല്ലപ്പെട്ടത്. കാമാഖ്യ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി പ്രതികൾ നരബലി നടത്തിയതായി കണ്ടെത്തി. പ്രദീപ് പഥക്കിന് ചില താന്ത്രിക വിശ്വാസങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍, നാഗ സാധു, 11 വര്‍ഷം മുമ്പ് ജൂണ്‍ 18 നാണ് മരിച്ചത്. സഹോദരന്റെ ഓര്‍മ്മയ്ക്കായി അതേ ദിവസം പ്രദീപ് കപാലി പൂജ നടത്താന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

Eng­lish Sum­ma­ry: Kamakhya Human Sac­ri­fice Case: Five peo­ple arrested

You may also like this video

Exit mobile version