Site iconSite icon Janayugom Online

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കമലാ ഹാരിസ്; പ്രചരണത്തിന് ലഭിച്ചത് എട്ട് കോടി ഡോളർ

യുഎസ് പ്രസി‍ഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബെെ‍ഡന്‍ പിന്മാറിയതിനു പിന്നാലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കമലാ ഹാരിസ്. ദേശീയ ചാമ്പ്യൻഷിപ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാന്‍ വൈറ്റ് ഹൗസില്‍ നടന്ന പൊതു ചടങ്ങില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച മട്ടിലായിരുന്നു കമലാ ഹാരിസിന്റെ പ്രസംഗം. പ്രസിഡന്റ് ജോ ബൈഡനു വേണ്ടിയാണ് ഇവിടെ കായിക താരങ്ങളെ സ്വീകരിക്കാനെത്തിയതെന്ന് പറഞ്ഞുകൊണ്ടായിരുന്നു കമല പ്രസംഗം ആരംഭിച്ചത്.
പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം ജോ ബൈഡൻ നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെക്കാൾ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും കമല ചൂണ്ടിക്കാട്ടി. അമേരിക്കൻ ജനതയ്ക്കു വേണ്ടി ഇപ്പോഴും പോരാടുന്ന വ്യക്തിയാണ് ബൈഡനെന്നും രാജ്യത്തിനു വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദിയുണ്ടെന്നും കമല കൂട്ടിച്ചേർത്തു. 

അതേസമയം, സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യമായ ഡൊമോക്രാറ്റിക് പ്രതിനിധികളുടെ പിന്തുണ കമല നേടിയതായി അസോസിയേറ്റഡ് പ്രസിന്റെ സര്‍വേയില്‍ പറയുന്നു. 2,471 പ്രതിനിധികളുടെ പിന്തുണയാണ് നിലവിലുള്ളത്. കമലാ ഹാരിസിനെതിരെ രംഗത്തെത്തിയ ഗവർണമാരും ഡെ­മോക്രാറ്റിക്‌ പാർട്ടി നേതാക്കളുമായ ജെബി പ്രിറ്റ്സ്കർ, ഗ്രെചൻ വിറ്റ്മർ ഉൾപ്പെടെയുള്ളവരും നിലപാടുമാറ്റി പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഉന്നത ഡെമോക്രാറ്റിക് നേതാവും മുൻ ഹൗസ് സ്പീക്കറുമായ നാൻസി പെലോസിയും പിന്തുണ അറിയിച്ചു.

ധനസമാഹരണ റെക്കോഡുകളും തകര്‍ത്താണ് കമലയുടെ മുന്നേറ്റം. ബെെഡന്റെ പിന്മാറ്റ പ്രഖ്യാപനത്തിനു ശേഷമുള്ള 24 മണിക്കൂറിനിടെ 8.1 കോടി ഡോളറാണ് സമാഹരിച്ചത്. 8,88,000ത്തിലധികം പാർട്ടി പ്രവർത്തകരാണ് സംഭാവനകൾ നൽകിയത്. യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദിവസം കൊണ്ട് ഇത്രയും തുക സമാഹരിക്കുന്നത്. അടുത്ത മാസത്തെ ദേശീയ കൺവെൻഷനിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔപചാരിക പ്രസിഡൻഷ്യൽ നാമനിർദേശം ഉറപ്പാക്കാൻ ധനസമാഹരത്തിലൂടെ കമലാ ഹാരിസിന് സാധിക്കും. 

ബെെഡന്‍ പിന്മാറിയതോടെ കമലാ ഹാരിസിനെ കേന്ദ്രീകരിച്ചുള്ള പ്രചരണ തന്ത്രങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. ജോ ബൈഡൻ അസുഖബാധിതനായിരുന്നപ്പോഴും രാജ്യത്ത് നിലനിന്നിരുന്ന വിലക്കയറ്റത്തിലും അതിർത്തിയിലുണ്ടായ പ്രശ്നങ്ങളിലും ബൈഡനു വേണ്ടി തീരുമാനങ്ങൾ കൈക്കൊണ്ടത് കമല ഹരിസാണെന്നാണ് റിപ്പബ്ലിക്കുകൾ പ്രധാനമായും ഉയർത്തുന്ന വിമര്‍ശനം.

Eng­lish Sum­ma­ry: Kamala Har­ris con­firms can­di­da­cy; Eight mil­lion dol­lars were received for the campaign
You may also like this video

Exit mobile version