ചിക്കാഗോയിലെ യുണൈറ്റഡ് സെന്ററിൽ വച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ കമലാഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചിത്രം പൂർണമായി. മത്സരത്തിന്റെ മൂന്നാമൂഴത്തിൽ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഡൊണാൾഡ് ട്രംപിന് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വം. ട്രംപും ഹാരിസും തമ്മിലുള്ള ആദ്യപ്രസിഡൻഷ്യൽ ഡിബേറ്റിനു മുമ്പുതന്നെ ട്രംപിന്റെ പ്രതീക്ഷ നഷ്ടപ്പെടുകയാണ്. തെരഞ്ഞെടുപ്പിന് കേവലം രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് ബൈഡന് പകരക്കാരിയായി കമലാ ഹാരിസ് എത്തുന്നത്.
കമലാ ഹാരിസിന്റെ വിജയം കൊണ്ട് അമേരിക്കൻ നയങ്ങളിൽ കാതലായ മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഏറെ സംഘർഷം നിറഞ്ഞ ലോകത്ത് ട്രംപിനെപോലുള്ള ഒരാളുടെ വിജയം അപകടകരവും ആശങ്കയുണ്ടാക്കുന്നതുമാണ്. അത്തരമൊരു സാഹചര്യത്തിൽ കമലയെ പ്രതീക്ഷയോടെയാണ് ലോകജനത ഉറ്റുനോക്കുന്നത്. അവരുടെ സ്ഥാനാർത്ഥിത്വത്തിന് ഏറെ പ്രത്യേകതകളുണ്ട്. നവംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ബഹുമതിക്ക് അർഹയാകും. അതോടൊപ്പം ആദ്യ ദക്ഷിണേന്ത്യക്കാരിയും, ആദ്യ ഇന്ത്യൻ — അമേരിക്കനും എന്ന പ്രത്യേകതയുമുണ്ടാകും.
2020ലെ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റാകുമ്പോൾ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന പദവിയിലെത്തുന്ന ആദ്യസ്ത്രീയെന്ന പ്രത്യേകതയുണ്ടായിരുന്നു. വിക്ടോറിയ വുഡ് ഹള്ളിനും ഹിലാരി ക്ലിന്റനും ശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വനിതയാണ് കമലാ ഹാരിസ്. ആദ്യ രണ്ടുപേരും പരാജയപ്പെട്ടു. എന്നാൽ കമല ചരിത്രം തിരുത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.
അമേരിക്കൻ സമൂഹത്തിന്റെ ഘടനയിലെ മാറ്റം രാഷ്ട്രീയ സ്വഭാവത്തിലും പ്രതിഫലിക്കുന്നുണ്ട്. അമേരിക്കയുടെ മാറുന്ന മുഖമാണ് കമലാ ഹാരിസ്. ആഫ്രിക്കൻ സ്വത്വവും ഇന്ത്യൻ സ്വത്വവും ഒത്തുചേർന്ന അമേരിക്കൻ പൗരത്വമാണ് കമലയുടേത്. ജനസംഖ്യയിൽ അതിവേഗത്തിൽ വരുന്ന മാറ്റങ്ങൾ ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രീയഘടനയിൽ വരുത്തുന്ന വ്യതിയാനം വ്യക്തമാക്കുന്നതാണ് യുഎസ് തെരഞ്ഞെടുപ്പ്. വർധിച്ചുവരുന്ന കുടിയേറ്റ ജനതയുടെ രാഷ്ട്രീയ നിലപാടുകൾ രാഷ്ട്രീയ രംഗത്തും നിഴലിച്ചു തുടങ്ങി. അതാണ് ബരാക് ഒബാമയുടെ വിജയവും കമലാഹാരിസിന്റെ സ്ഥാനാർത്ഥിത്വവും വ്യക്തമാക്കുന്നത്. ഇന്ത്യക്കാരിയായ ഒരു കുടിയേറ്റവനിതയുടെ പുത്രിക്ക് യുഎസ്എയുടെ പരമോന്നത പദവിയിലേക്ക് വിജയപ്രതീക്ഷയോടെ മത്സരിക്കുവാൻ കഴിയുകയെന്നത് മുമ്പ് ചിന്തിക്കുവാൻ പോലും കഴിയുന്നതായിരുന്നില്ല.
2020 മേയ് 25ന് മിനിയ പോളീസ് നിവാസിയായ ജോർജ് ഫ്ലോയ്ഡ് എട്ട് മിനിറ്റും 46 സെക്കന്റും ഒരു പൊലീസ് ഓഫിസറുടെ കാൽമുട്ടിനുകീഴിൽ അമർന്ന് മരിച്ചു. ശ്വാസമെടുക്കുന്നതിന് തന്നെ സ്വതന്ത്രമാക്കണമെന്ന് അദ്ദേഹം യാചിച്ചു. അദ്ദേഹത്തിന്റെ യാചനയെ പൊലീസ് മനുഷ്യത്വമില്ലാതെ അവഗണിച്ചു. രാജ്യമെങ്ങും കറുത്ത വർഗക്കാരായ പൗരന്മാരുടെ നേർക്കുള്ള പൊലീസ് അതിക്രമങ്ങൾക്കെതിരായ ഒരു പ്രതിഷേധമെന്ന നിലയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനം ആരംഭിച്ചത് അവിടം മുതലാണ്. അവരുടെ പിന്തുണ നേടിയെടുക്കുവാൻ കമലാഹാരിസിനു കഴിഞ്ഞിട്ടുണ്ട്. അനേകം അമേരിക്കൻ സംസ്കൃതികളെ ചേർത്തുനിർത്തുന്നതിനും അവർക്കു കഴിയുന്നു. ആഫ്രിക്കൻ വംശജർ, മുസ്ലിങ്ങൾ, പുരോഗമന ആശയക്കാരായ ജൂത വംശജർ, വിവിധ ഏഷ്യൻ വംശജർ തുടങ്ങി വലിയൊരു വിഭാഗത്തിന്റെ പിന്തുണ കമലാഹാരിസിനുണ്ട്.
തമിഴ്‌നാട്ടിലെ തുളസീന്ദ്രപുരത്ത് ഒരു ബ്രാഹ്മണ തറവാട്ടിൽ വെങ്കിട്ടരാമൻ ഗോപാലന്റെ നാല് മക്കളിൽ മൂത്തവളായി ജനിച്ച ശ്യാമള ഗോപാലനാണ് കമലയുടെ അമ്മ. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിൽ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു മുത്തച്ഛന്‍ പെങ്ങനാട്ടു വെങ്കിട്ടരാമൻ. അച്ഛൻ ജമൈക്കക്കാരനായ ഡൊണാൾഡ് ജാസ്പർ ഹാരിസ്. 1959ൽ 19-ാം വയസിൽ ഉപരിപഠനത്തിനായി കാലിഫോർണിയയിൽ എത്തിയ ശ്യാമള കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന ഡൊണാള്‍ഡ് ഹാരിസുമായി പരിചയപ്പെട്ടു. 1963ൽ അവർ വിവാഹിതരായി. ശ്യാമള, ഭർത്താവിന്റെ മതം സ്വീകരിച്ച് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയായി. 1969ൽ അവര്‍ വേർപിരിഞ്ഞു. ആ സമയത്ത് കമലയ്ക്ക് അഞ്ച് വയസ് മാത്രമാണ് ഉണ്ടായിരുന്നത്. അമേരിക്കയിലാണ് വളർന്നതെങ്കിലും എല്ലായ്പ്പോഴും ഇന്ത്യൻ ബന്ധവും പിതാവിന്റെ ജമൈക്കൻ പാരമ്പര്യവും നിലനിർത്തുവാൻ കമല ശ്രമിച്ചിരുന്നു.
കാനഡയിൽ കൂബെക്കിലുള്ള വെസ്റ്റ് മൗണ്ട് ഹൈസ്കൂളിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ കമലാ ഹാരിസ് വാഷിങ്ടൺ ഡിസിയിലെ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി നേടി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ഹാസ്റ്റിങ്സ് കോളജ് ഓഫ് ലോയിൽ നിന്നും ജുറീസ് ഡോക്ടർ ഡിഗ്രി നേടുകയും ചെയ്തു. 2011ൽ കാലിഫോർണിയയുടെ അറ്റോർണി ജനറലായി. 2017 ജനുവരിയിൽ അമേരിക്കൻ സെനറ്റിലേക്ക് സത്യപ്രതിജ്ഞ ചെയ്തു. 2021 ജനുവരി 20ന് അമേരിക്കയുടെ വൈസ് പ്രസിഡന്റായി. രണ്ടാം തവണ കാലിഫോർണിയയുടെ അറ്റോർണി ജനറലായി 2014ൽ തെരഞ്ഞെടുക്കപ്പെട്ട അവർ ജൂതവംശജനും, അറ്റോർണിയും എന്റർടെയ്ൻമെന്റ് ലിറ്റിഗേറ്ററുമായ ഡഗ് എം ഹോഫിനെ വിവാഹം ചെയ്തു.
പരിസ്ഥിതി സംരക്ഷണം, തോക്ക് ഉപയോഗ നിയന്ത്രണം, ഗർഭച്ഛിദ്രാവകാശം വീണ്ടെടുക്കൽ, എല്ലാവർക്കും താങ്ങാവുന്ന ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങൾക്ക് മുൻഗണന നൽകിയുള്ള തെരഞ്ഞെടുപ്പ് പ്രചരണമാണ് കമലാ ഹാരിസ് നടത്തുന്നത്. സ്ത്രീ വോട്ടർമാരുടെയും യുവാക്കളുടെയും പ്രതികരണം കമലാഹാരിസിന് അനുകൂലമായിട്ടുണ്ട്. മൂന്നാംതവണത്തെ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടാൽ വൈറ്റ്ഹൗസ് വിടാൻ തയ്യാറാകില്ലെന്നതാണ് ട്രംപ് നേരിടുന്ന പ്രധാന വിമർശനം. ലോകത്തെ തന്നെ ഞെട്ടിച്ചതാണ് ട്രംപിന്റെയും അനുയായികളുടെയും 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ക്യാപിറ്റോൾ അക്രമ സംഭവം.
ലൈംഗിക കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കുവാൻ നിയമവിരുദ്ധമായി പണം നൽകിയ കേസിൽ ട്രംപ് കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയതാണ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഉദ്യോഗസ്ഥരും ട്രംപും തമ്മിൽ നടന്ന ഒത്തുകളി കേസ് അന്വേഷണത്തിലാണ്. ഇതടക്കം അമേരിക്കയിലെ വിവിധ കോടതികളിലായി 36ഓളം കേസുകളിൽ പ്രതിയാണ് ഡൊണാൾഡ് ട്രംപ്. ഇത്തരമൊരു സാഹചര്യത്തിൽ കമലാഹാരിസിന്റെ വിജയം ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.