Site iconSite icon Janayugom Online

സി വി രാമൻ കടുത്ത സ്ത്രീവിരോധി; വനിതാദിനത്തില്‍ കമലാ സഹോനിയുടെ വാക്കുകള്‍ വൈറലാകുന്നു

“സി. വി. രാമൻ മഹാനായ ഒരു ശാസ്ത്രജ്ഞനായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെത് ഇടുങ്ങിയ ചിന്താഗതികളാണ്. ഒരു സ്ത്രീയായതുകൊണ്ടുമാത്രം കാണിച്ച വേർതിരിവ് മറക്കാനാവില്ല. എന്നിലേല്പിച്ച അപമാനം അത്ര വലുതാണ്. നോബൽ സമ്മാനിതൻ ഇങ്ങനെയെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ”..

കമലാ സഹോനിയുടെ വാക്കുകളാണ്. ഇന്ത്യയിൽ ആദ്യമായി ശാസ്ത്രത്തിൽ ഡോക്ടറേറ്റുനേടിയ വനിതയാണവർ.

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞകളുടെ അവസ്ഥയായി കമലാ സഹോനിയെ വായിക്കണം. ഒരുപക്ഷേ, മാഡം ക്യൂറിയെപ്പോലെ ലോകമെമ്പാടും അറിയപ്പെടേണ്ടിയിരുന്നവൾ. അർഹമായ അംഗീകാരം ലഭിക്കാതെപോയ ഒരു ഫീനിക്സ് പക്ഷി.

കൊളോണിയൽ ഭരണകാലത്ത് 1911 ജൂൺ 18ന് ബോംബെയിലാണ് കമല ജനിച്ചത്. മികവുകൊണ്ടുമാത്രം ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്റ്റാവുകയുംചെയ്ത കമലയെ കൂടുതൽ അറിയുക.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽനിന്ന് കെമിസ്ട്രിയിലെ ആദ്യ ബിരുദധാരികളായിരുന്നു കമലയുടെ അച്ഛൻ നാരായൺ ഭാഗവതും അമ്മാവൻ മാധവറാവു ഭാഗവതും. ചെറുപ്പംമുതൽ മിടുക്കിയായി പഠിച്ച് ബോംബെ പ്രസിഡൻസി കോളേജിൽ അവർ ബി. എസ്.സിക്കു (ഫിസിക്സ് & കെമിസ്ട്രി) ചേർന്നു. ഒന്നാമതായി പാസ്സായശേഷം ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ(llSc) മാസ്‌റ്റേഴ്സിന് അപേക്ഷിച്ചു.

ഏഷ്യയിൽ ആദ്യമായി ഫിസിക്സിൽ നോബൽ സമ്മാനം നേടിയ സർ.സി.വി. രാമനായിരുന്നു അന്നത്തെ IISc യുടെ തലവൻ. “എന്റെ സ്ഥാപനത്തിൽ ഒരൊറ്റപ്പെണ്ണിനെപ്പോലും ഞാൻ പഠിക്കാനനുവദിക്കുകയില്ല” എന്നായിരുന്നു രാമന്റെ നിലപാട്.

തനിക്ക് അഡ്മിഷൻ നിഷേധിക്കുന്നതിന്റെ കാരണങ്ങളറിയണമെന്നായി കമല. ഡിസ്റ്റിംഗ്ഷനോടെ കോഴ്സ് പൂർത്തിയാക്കുമെന്ന് അവർ അദ്ദേഹത്തെ വെല്ലുവിളിച്ചു. താഴെ പറയുന്ന ഉപാധികളോടെ ഗത്യന്തരമില്ലാതെ കമലയ്ക്ക് IISc യിൽ അഡ്മിഷൻ കൊടുത്തു.

*റഗുലർ വിദ്യാർത്ഥിയായി പരിഗണിക്കില്ല.

**ഗൈഡിന്റെ നിർദ്ദേശമനുസരിച്ച് രാത്രിയിലും ജോലിചെയ്യണം.

***ലാബിലെ അന്ത:രീക്ഷം നശിപ്പിക്കരുത്.

ഉപാധികൾ അംഗീകരിച്ചെങ്കിലും നിർദ്ദേശങ്ങളിലെ കനലുകൾ കമലയെ പൊള്ളിച്ചു. IWSA (ഇൻഡ്യൻ വിമൻ സയന്റിസ്റ്റ്സ് അസോസിയേഷൻ)ന്റെ മീറ്റിങിൽ രാമനെതിരെ അവർ തുറന്നടിച്ചു.

എം. ശ്രീനിവാസയ്യ എന്ന ഗൈഡിന്റെ കീഴിൽ പാലിലെ പ്രോട്ടീനുകളെക്കുറിച്ചെല്ലാം ഗവേഷണംനടത്തി ഇന്ത്യയിലെ സമീകൃതാഹാരപദ്ധതിക്ക് മുതല്ക്കൂട്ടാവുന്ന നിർദ്ദേശങ്ങൾ സമർപ്പിച്ചു.

ഡിസ്റ്റിംഗ്ഷനോടെ മാസ്റ്റേഴ്സ് പൂർത്തിയാക്കി 1936ൽ കമല തന്റെ തീസിസ് സമർപ്പിച്ചു. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പിന് അർഹയായി. അടുത്ത വർഷം സി.വി.രാമൻ IISc യുടെ കവാടങ്ങൾ വിദ്യാർത്ഥിനികൾക്കായി തുറന്നിട്ടു. നിശബ്ദവിപ്ലവത്തിന്റെ ശുഭപര്യവസാനം. പക്ഷേ, അന്നും ഇന്നും പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയിൽ സ്ത്രീകൾക്കുള്ളത്.

രാമന്റെ കീഴിൽ IISc യിൽ ഉപരിപഠനം നടത്താതിരുന്നതുകൊണ്ടാണ് സുബ്രഹ്മണ്യൻ ചന്ദ്രശേഖർ എന്ന മറ്റൊരു നോബൽ സമ്മാനിതൻ ഇന്ത്യയിലുണ്ടായത്. രാമന്റെ ‘പെരുന്തച്ചൻ കോംപ്ലക്സ്’ ന്റെ ബലിയാടാവേണ്ടിവരും തന്റെ മകനെന്ന് ചന്ദ്രശേഖറിന്റ അച്ഛൻ ദീർഘവീക്ഷണംചെയ്തു. അടുത്ത ബന്ധുക്കളാണ് സി.വി.രാമനും ചന്ദ്രശേഖറുമെന്ന് ഓർക്കുക. “രാമനിഫക്ട്” എന്ന പേരിലറിയപ്പെടുന്ന പ്രതിഭാസം ആദ്യം നിരീക്ഷിച്ചത് രാമന്റെ ഗവേഷകവിദ്യാർത്ഥിയായ കെ.എസ്. കൃഷ്ണനായിരുന്നു. കൃഷ്ണനിഫക്ടിന്റെ പേരിൽ അംഗീകരിക്കപ്പെടാൻ ഭാഗ്യമില്ലാതെപോയി പാവം കൃഷ്ണന്.

Eng­lish Sum­ma­ry: CV Raman was a staunch misog­y­nist; Kamala Sahoni’s words go viral on Wom­en’s Day

You may also like this video

Exit mobile version