ജനയുഗം പ്രസിദ്ധീകരണങ്ങളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും നിര്‍ണായകവും നിസ്തുലവുമായ പങ്കുവഹിച്ച കാമ്പിശേരി കരുണാകരന്റെ വേര്‍പാടിന് ഇന്ന് 46 വര്‍ഷം തികയുന്നു. ധിഷണാശാലികളായ മറ്റ് പല പ്രമുഖ പത്രപ്രവര്‍ത്തകരെയും പോലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് കാമ്പിശേരി പത്രപ്രവര്‍ത്തനരംഗം തിരഞ്ഞെടുത്തത്. പത്രപ്രവര്‍ത്തനത്തിന്റെ അഗ്നിപഥങ്ങളിലൂടെ മുന്നേറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഉദാത്തമായ മനുഷ്യസ്നേഹവും പരക്ഷേമകാംക്ഷയുമായിരുന്നു. വിപുലമായ അനുഭവസമ്പത്തും ആഴമേറിയ അറിവും അചഞ്ചലമായ സാമൂഹ്യ പ്രതിബദ്ധതയും സുവ്യക്തമായ ലക്ഷ്യബോധവും ലക്ഷ്യപ്രാപ്തിക്കാവശ്യമായ നിശ്ചയദാര്‍ഢ്യവുമാണ് പത്രപ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തെ അതുല്യനാക്കിമാറ്റിയത്.
പുരോഗമനാകാംക്ഷയുള്ള നേതാവ്, അനുഗ്രഹീത സാഹിത്യകാരന്‍, മികച്ച അഭിനേതാവ്, നര്‍മബോധമുള്ള സംഭാഷണകുശലന്‍, നിര്‍ധനരുടെയും നിരാലംബരുടെയും കഷ്ടപ്പാടുകള്‍ ഇല്ലാതാക്കാന്‍ തന്റെ സമസ്ത സിദ്ധികളും ഉപയോഗിച്ച മനുഷ്യസ്നേഹി എന്നീ നിലകളില്‍ കാമ്പിശേരി എക്കാലവും അനുസ്മരിക്കപ്പെടും.
ജനയുഗം പ്രവര്‍ത്തകര്‍