രാജ്യത്തെ കാർഷിക വിപ്ലവത്തിന് താങ്ങായി കേരള അഗ്രോ മെഷീനറി കോർപറേഷന്റെ (കാംകോ) കാർഷികയന്ത്രങ്ങൾ കയറ്റിയ ട്രെയിൻ അസമിലേക്ക് പുറപ്പെട്ടു. കാംകോ പുറത്തിറക്കുന്ന പവർടില്ലർ, പവർറീപ്പർ എന്നിവയ്ക്ക് ഇതര സംസ്ഥാനങ്ങളില്‍ ആവശ്യക്കാർ കൂടിവരുന്നത് സ്ഥാപനത്തിന്റെ പ്രസിദ്ധിയുടെയും വിശ്വാസത്തിന്റെയും പ്രതീകമാണെന്ന് ചെയര്‍മാന്‍ കെ പി സുരേഷ് രാജ് പറഞ്ഞു. 650 പവർ ടില്ലറുകൾ ട്രെയിനില്‍ കയറ്റി അയക്കുന്നതിന്റെ ഉദ്ഘാടനം പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാംകോ കഴിഞ്ഞവർഷം പതിനായിരത്തിലധികം പവർ ടില്ലറുകളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചത്. കാംകോയുടെ കഞ്ചിക്കോട്, അത്താണി പ്ലാന്റുകളിലാണ് പവർടില്ലർ നിർമിക്കുന്നത്. ട്രെയിൻമാർഗവും റോഡ് മാർഗവും ടില്ലറുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജങ്ഷൻ റയിൽവേ സ്റ്റേഷനിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം 4,040 ടില്ലറുകൾ ഇതുവരെ കയറ്റി അയച്ചു. നെൽകൃഷിക്ക് ഉപയോഗിക്കുന്ന പവർ റീപ്പറുകളും കാംകോയുടെ തൃശൂരിലെ മാള യൂണിറ്റിലാണ് നിർമിക്കുന്നത്. കഴിഞ്ഞ വർഷം 3000 പവർ റീപ്പറുകൾ ഇവിടെ നിന്നും കയറ്റി അയക്കുകയും ചെയ്തു. ഇതിനുപുറമെ പവർ വീഡർ, ബ്രഷ് കട്ടർ എന്നീ കാർഷിക ഉപകരണങ്ങൾക്കും ആവശ്യക്കാരേറെയുണ്ട്.
അസം, ത്രിപുര, പശ്ചിമബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കാർഷിക ഉപകരണങ്ങൾ കയറ്റി അയക്കുന്നത്. ഇതിൽ തമിഴ്‌നാട്ടിലേക്കുള്ള ഉപകരണങ്ങൾ റോഡുമാർഗമാണ് അയക്കുന്നത്. ഉപകരണങ്ങൾ കയറ്റി അയക്കുന്നതിലൂടെ റയിൽവേക്കും മികച്ച വരുമാനമാണ് ലഭിക്കുന്നത്. ലോറികളിൽ 11 ദിവസംകൊണ്ട് എത്തിക്കാൻ കഴിയുന്നത് ട്രെയിനിലാണെങ്കിൽ നാലുദിവസം മതിയെന്നും ചെലവ് പകുതിയിൽ താഴെയാണെന്നും റെയില്‍വേ അധികൃതരും വ്യക്തമാക്കി. മുമ്പ് അബുദാബിയിലേക്ക് ഉൾപ്പെടെ കാംകോയുടെ കാർഷിക ഉപകരണങ്ങൾ കയറ്റി അയച്ചിരുന്നു.
പൊതുമേഖലാസ്ഥാപനമെന്ന നിലയിൽ വൻ സാമ്പത്തികലാഭമാണ് കാംകോ കഴിഞ്ഞ അഞ്ചുവർഷമായി നേടുന്നത്. സ്വീകാര്യത ലഭിച്ചതോടെ കൂടുതൽ ഉപകരണങ്ങൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് കാംകോയെന്നും സുരേഷ് രാജ് പറഞ്ഞു.
English Summary: Kamko sends 650 power tillers to Assam in support of agrarian revolution
You may like this video also