അയിത്തവും തൊട്ടുകൂടായ്മയും അരാജകത്വവും നിറഞ്ഞ 19-ാം നൂറ്റാണ്ടിന്റെ ഇരുള്‍ മൂടിയ ചരിത്രത്തിന്റെ നടുവിൽ തിളങ്ങുന്ന തെളിനീരൊഴുക്കായി കമ്മൻ കുളം. ഉടലിൽ അടിമത്വത്തിന്റെ ചോര ചത്ത പാടുകൾ തീർത്ത ജാതിയടയാളങ്ങൾ ഊരിയെറിഞ്ഞു അടിമപ്പെണ്ണുങ്ങൾ ചരിത്രത്തിൽ കല്ല് കൊണ്ട് കോറിയിട്ട പ്രശസ്തമായ കല്ലുമാല സമരത്തിന്റെ മായാത്ത അടയാളമാണ് കമ്മൻ കുളം. 1915 ഒക്ടോബർ 15 നാണ് കൊല്ലം ജില്ലയിലെ പെരിനാട് എന്ന കായലോര ഗ്രാമത്തിൽ അവർ ഒത്തു ചേർന്നത്. മാറ് മറയ്ക്കാൻ, പൊതുവഴി ഉപയോഗിക്കാൻ, ന്യായമായ കൂലി ലഭിക്കാൻ, വൃത്തിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാൻ എന്നിങ്ങനെ മനുഷ്യരായി ജീവിക്കാനുള്ള അവരുടെ ആവശ്യങ്ങൾ പണവും സ്വാധീനവും അധികാരവും ഉപയോഗിച്ച് ജാതിക്കോമരങ്ങൾ അടിച്ചമർത്തി. അവിടുന്നാണ് സമരം തുടങ്ങുന്നത്. അയ്യങ്കാളി ഉൾപ്പെടെ നിരവധി ദളിത് നേതാക്കൾ പങ്കെടുത്ത സമരത്തിൽ തങ്ങളുടെ ഉടലിൽ നിന്ന് കല്ലും തടിയും നിറം മങ്ങിയ മുത്തുകളും കൊണ്ടുള്ള ആഭരണങ്ങൾ പുലയസ്ത്രീകൾ ഊരിയെറിഞ്ഞു.
1915 ഡിസംബർ 21ന് കൊല്ലം പീരങ്കി മൈതാനത്തിന് സമീപത്തു നടന്ന സമരത്തിൽ പങ്കെടുത്ത ഓരോ സ്ത്രീയും ഇത് ചെയ്തു. ഇനി കല്ലുമാലകൾ ധരിക്കുകയില്ലെന്നും സ്വർണ്ണമോ വെള്ളിയോ കൊണ്ടുള്ള ആഭരണങ്ങൾ മാത്രമേ അണിയൂ എന്നും അവർ അവിടെയൊരു പ്രതിജ്ഞയും ചെയ്തു. മേലാളരെ ഈ പ്രതിഷേധം പ്രകോപിപ്പിച്ചതിന്റെ ഫലമായി അനേകം കേസുകൾ സമരക്കാർക്കെതിരെ ചുമത്തി. ഈ സമയത്ത് സമരം ചെയ്ത ദളിതർക്ക് വേണ്ടി കോടതിയിൽ വാദിച്ചത് അഭിഭാഷകനായ ഇലഞ്ഞിക്കൽ ജോൺ വർഗീസ് ആയിരുന്നു. അടിമപ്പണിയെടുക്കുന്ന പാവപ്പെട്ട ദളിതർക്കാവട്ടെ വക്കീൽ ഫീസായി കൊടുക്കാൻ കാലണ കയ്യിലുമില്ല. കൈക്കരുത്തും അധ്വാനിച്ച് തഴമ്പിച്ച ശരീരവുമാണ് സമ്പാദ്യം.
അങ്ങനെയാണ് കേരള ചരിത്രത്തിലേക്ക് കമ്മൻകുളം പിറന്ന് വീണത്. വക്കീൽ ഫീസായി കൊല്ലം പഞ്ചായത്തോഫിസിന് സമീപം അവർ ഒരു കുളം കുത്തിക്കൊടുത്തു. ഇന്നിപ്പോൾ നവീകരണ പ്രവർത്തനങ്ങൾ നടത്തി കൊല്ലം ജില്ലയുടെ ഹൃദയത്തിൽ അതിങ്ങനെ കുളിരുറവായായി നില കൊള്ളുമ്പോൾ ഒരു സമൂഹത്തിന്റെ ചോരയും വിയർപ്പും പറ്റിയ ചരിത്രം പേറുന്ന ഈ നാടിനെ എങ്ങനെയാണു പണം കൊണ്ടും വർഗീയത കൊണ്ടും ചിലർക്ക് വിലയ്ക്കെടുക്കാൻ കഴിയുന്നത്. മാറ് മറയ്ക്കാനും നിവർന്നു നടക്കാനും വസ്ത്രം ധരിക്കാനും വരെ പോരാടി ജയിച്ച മനുഷ്യരെ എങ്ങനെയാണു നിങ്ങൾക്ക് വെറുപ്പിന്റെ തത്വശാസ്ത്രം കൊണ്ട് തോൽപ്പിക്കാമെന്ന് കരുതാനാകുന്നത്.