Site iconSite icon Janayugom Online

കാട്ടാന ഭീതിയൊഴിയാതെ കഞ്ചിക്കോട്–വാളയാർ മേഖല

ഇന്നലെ പുലർച്ചെ കഞ്ചിക്കോട് പനംകാട് ചുള്ളിപള്ളത്തെത്തിയ ഒറ്റയാൻ ഏക്കർ കണക്കിനു നെൽക്കൃഷി നശിപ്പിച്ചു. ചുള്ളിപള്ളത്ത് സുധീഷിന്റെ തെങ്ങിൻതോപ്പിലെ 15 തെങ്ങുകൾ കുത്തിമറിച്ചിട്ടു. മദപ്പാടുള്ള പിടി–14 എന്ന ഒറ്റയാനാണ് മേഖലയിലെത്തിയത്. നല്ല വിളവു ലഭിച്ചിരുന്ന തെ ങ്ങുകളാണ് നശിപ്പിച്ചത്. കിൻഫ്ര ഭൂമി ഏറ്റെടുത്ത പ്രദേശത്താണ് കാട്ടാന തമ്പടിച്ചിട്ടുള്ളത്. ഐഐടിയുടെ നിർമാണത്തിലിരിക്കുന്ന സ്ഥലത്തെ മതിലും പലയിടത്തായി പൊളിച്ചിട്ടുണ്ട്. ഇതു കടന്നാണ് ഒറ്റയാൻ കൃഷിയിടത്തിലേക്കും ജനവാസമേഖലയിലേക്കും എത്തുന്നത്. രാപകൽ വ്യത്യാസമില്ലാതെ ഒറ്റയാൻ ഈ മേഖലകളിൽ വിഹരിക്കുന്നുണ്ട്. പ്രദേശത്ത് ഉൾവനത്തോടു ചേർന്ന ഫെൻസിങ് പൂർണമായി തകർത്തിട്ടുണ്ട്. 

ചുള്ളിമട, കടുകംപള്ളം, കൊട്ടാമുട്ടി, വാധ്യാർചള്ള, വലിയേരി എന്നിവിടങ്ങളിലും ആന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം വലിയേരിയിൽ ട്രാക്ടറും കാട്ടാന തകർത്തിരുന്നു. കളക്ടറുടെ നിർദേശ പ്രകാരം മൂന്ന് വാച്ചർമാരെ പുതുശ്ശേരി പഞ്ചായത്തിൽ നിയോഗിച്ചിട്ടുണ്ടെങ്കിലും കാട്ടാനശല്യം അറുതിയില്ലാതെ തുടരുകയാണ്. കൊയ്ത്തു കഴിയുന്നതുവരെയെങ്കിലും കാട്ടാനകളെ പ്രതിരോധിക്കാൻ സാധിക്കണമെന്നാണു കർഷകരുടെ ആവശ്യം. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഹെക്ടർ കണക്കിനു കൃഷിയാണ് ആന നശിപ്പിച്ചത്. പിടി–14, ചുരുളിക്കൊമ്പൻ എന്നീ ഒറ്റയാനകൾക്കൊപ്പം 18 അംഗം ആനക്കൂട്ടവും കഞ്ചിക്കോട് വനയോര മേഖലയിലുണ്ട്. 

Exit mobile version