Site iconSite icon Janayugom Online

കണ്ടത്തുവയൽ ഇരട്ടക്കൊല; പ്രതി വിശ്വനാഥന് വധശിക്ഷ

murdermurder

കണ്ടത്തുവയൽ ഇരട്ടക്കൊല കേസിലെ പ്രതി വിശ്വനാഥന് വധശിക്ഷ. വയനാട് വെള്ളമുണ്ട കണ്ടത്തുവയലിലെ നവദമ്പതികളായ, ഉമ്മർ(26), ഫാത്തിമ(19) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ മരുതോറയിൽ കലങ്ങോട്ടുമ്മൽ വിശ്വനാഥ(48) നെയാണ് കൊലപാതക കുറ്റത്തിന് മരണം വരെ തൂക്കിലേറ്റാനും, 10 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടത്. കൂടാതെ കവർച്ചക്ക് ഏഴ് വർഷം കഠിന തടവും, ഭവനഭേദനത്തിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ജില്ലാ സെഷൻസ് കോടതി ജഡ്ജി എ ഹാരിസാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈ ആറിനാണ് ഇരട്ടക്കൊലപാതകം നടന്നത്.

അന്വേഷണ സംഘത്തെ കോടതി പ്രശംസിച്ചു. പ്രതിയുടെ കുടുംബത്തിന് ലീഗൽ സർവീസിൽ നിന്നും സഹായം ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. ആദ്യഘട്ടത്തിൽ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതക കേസ് അന്നത്തെ മാനന്തവാടി ഡിവൈഎസ്‌പി കെ എം ദേവസ്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിച്ചത്. 2018 സെപ്റ്റംബറിലാണ് വിശ്വനാഥനെ പൊലീസ് പിടികൂടുന്നത്. സാഹചര്യ തെളിവുകൾക്കൊപ്പം എഴുന്നൂറോളം പേരെയാണ് പൊലീസ് അന്വേഷണത്തിന്റ ഭാഗമായി നിരീക്ഷിച്ചത്. വിശ്വനാഥനും ഈ പട്ടികയിൽ ഉൾപ്പെട്ട ആളായിരുന്നു.

കേസിൽ കുറ്റപത്രം സമർപ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. കേസിൽ ഇതുവരെ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്. അറസ്റ്റിലായത് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വിശ്വനാഥനെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ശനിയാഴ്ച കോടതിയിൽ എത്തിച്ചത്. കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ശേഷം പ്രതിയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.

ഇന്നലെ രാവിലെ 10. 30ഓടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. ഭാര്യയും മാതാവും അടങ്ങുന്ന കുടുംബത്തിന് താനല്ലാതെ ആരുമില്ലെന്ന് വിശ്വനാഥൻ കോടതിയെ അറിയിച്ചു. പിന്നാലെ കോടതിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗം വക്കീലിന്റെയും വാദങ്ങൾ നടന്നു. ഭക്ഷണത്തിന് പിരിഞ്ഞ കോടതി ഉച്ചക്ക് 1.53ഓടെയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് വേണ്ടി ഷൈജു മാണിശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവും ഹാജരായി.

Eng­lish Sum­ma­ry: Kan­dathu­vay­al dou­ble mur­der; Death sen­tence for Viswanathan

You may like this video also

Exit mobile version