Site iconSite icon Janayugom Online

നിത്യാനന്ദാശ്രമത്തെ ചൊല്ലി അവകാശ തര്‍ക്കം; കാര്‍ണാടകയില്‍ നിന്നുള്ള ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളെ തടഞ്ഞു

കാഞ്ഞങ്ങാട്ടെ പ്രസിദ്ധമായ നിത്യാനന്ദാശ്രമത്തെയും അനുബന്ധ സ്ഥാപനങ്ങളെയും ചൊല്ലി ട്രസ്റ്റി ബോര്‍ഡില്‍ അവകാശ തര്‍ക്കം രൂക്ഷം. വിവരമറിഞ്ഞ് എത്തിയ വിശ്വാസികള്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളെ പൂട്ടിയിട്ടു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ പ്രശ്‌ന പരിഹാരത്തിനു കര്‍ണാടകയില്‍ നിന്നുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍ തയ്യാറായതോടെ പ്രശ്‌നം തല്‍ക്കാലത്തേക്ക് ഒഴിവായി. ഇന്നലെ രാവിലെയാണ് ആശ്രമമുറ്റത്തും ഓഫീസിലും നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഉഡുപ്പി സ്വദേശിയായ രാമചന്ദ്രകോലാര്‍ ചെയര്‍മാനായിട്ടുള്ള 27 അംഗങ്ങളുള്ള ട്രസ്റ്റ് ബോര്‍ഡിനാണ് നിത്യാ നന്ദാശ്രമത്തിന്റെയും നിത്യാനന്ദ പോളിടെക്‌നിക്ക്, എന്‍ജിനിയറിംഗ് കോളജ്, സ്‌കൂള്‍ എന്നിവയുടെ നടത്തിപ്പു ചുമതല.
കാഞ്ഞങ്ങാട്ടുള്ള പത്തുപേര്‍ ട്രസ്റ്റ് അംഗങ്ങളാണ്. മറ്റുള്ളവരില്‍ നാലു മുംബൈ സ്വദേശികളും രണ്ടു പേര്‍ ഉഡുപ്പിക്കാരും മറ്റു 11 പേര്‍ കര്‍ണ്ണാടകയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരുമാണ്.
മഹാരാഷ്ട്രക്കാരായ നാലുപേര്‍ 20 വര്‍ഷമായി കാഞ്ഞങ്ങാട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് വിശ്വാസികള്‍ പറയുന്നു. നിത്യാനന്ദ പോളിടെക്‌നിക്കില്‍ അടുത്തിടെ നടന്ന മൂന്നു നിയമനങ്ങളെ തുടര്‍ന്നാണ് നാട്ടുകാരായ ട്രസ്റ്റി അംഗങ്ങളും പുറമെ നിന്നുള്ളവരും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഇതോടെ തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്ന നിലപാടില്‍ കര്‍ണാടകയില്‍ നിന്നുള്ള ട്രസ്റ്റി അംഗങ്ങളായ നരസിംഹകോലാര്‍, ദിവാകര ഷെട്ടി, നാഗരാജഷെട്ടി തുടങ്ങിയ ട്രസ്റ്റി അംഗങ്ങളും
എത്തിയിരുന്നു. ഇതോടെ കാഞ്ഞങ്ങാട് സ്വദേശികളായ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ ആശ്രമത്തില്‍ അഖണ്ഡനാമ ഭജന നടക്കുന്നുണ്ടായിരുന്നു. ഇതിനായി നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. ഇതിനിടയിലാണ് ട്രസ്റ്റ് ബോര്‍ഡ് യോഗം നടത്തുന്നതിനായി കര്‍ണാടകയില്‍ നിന്നുള്ള 11 അംഗങ്ങള്‍ എത്തിയത്. ഈ വിവരമറിഞ്ഞ വിശ്വാസികള്‍ ഇവരെ തടഞ്ഞതോടെ നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രശ്‌നം യോഗം ചേര്‍ന്നു തീരുമാനിക്കാമെന്നു കര്‍ണാടകയില്‍ നിന്ന് എത്തിയവര്‍ പറഞ്ഞു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടേതടക്കമുള്ള 18 ഓളം അംഗങ്ങളെയും ചേര്‍ത്ത് ഓഫീസില്‍ യോഗം ചേര്‍ന്നു. ഇതിനിടയിലാണ് യോഗം നടക്കുന്ന ഓഫീസ് പുറമെ നിന്നു പൂട്ടിയത്. നാട്ടുകാരെ അവഗണിച്ചു കൊണ്ട് ട്രസ്റ്റ് ബോര്‍ഡിനു മുന്നോട്ട് പോകാനാകില്ലെന്നു പറഞ്ഞാണ് പൂട്ടിയത്. വിവരമറിഞ്ഞ് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍, എസ്‌ഐ കെ.പി. സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസുമെത്തി. തുടര്‍ന്ന് ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ പ്രശ്‌ന പരിഹാരത്തിനു തയ്യാറായതോടെയാണ് സംഘര്‍ഷാവസ്ഥ നീങ്ങിയത്. ധാരണപ്രകാരം പുതിയതായി കാഞ്ഞങ്ങാട് സ്വദേശികളെയും ട്രസ്റ്റ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും 20 ദിവസത്തിനകം വിശ്വാസികളെ ഉള്‍പ്പെടുത്തി യോഗം ചേരാനും തീരുമാനമായി.

Exit mobile version