Site iconSite icon Janayugom Online

 കാസര്‍കോട് വീണ്ടും വന്‍ കഞ്ചാവ് വേട്ട: ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 124.900 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി എസ്.പി. നഗര്‍ പറപ്പാടി ഹൗസിലെ സുബൈറാ(32)ണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ആദൂര്‍ പൊലീസും ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് കടത്ത് പിടിച്ചത്. സുള്ള്യ ഭാഗത്ത് നിന്ന് വരികയായിരുന്ന കെ.എല്‍ 14 വൈ 1860 ഐട്വന്റി കാര്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആദൂര്‍ സി.എ നഗറില്‍ വെച്ച് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിലും പിറകുവശത്തെയും മുന്‍വശത്തെയും സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. 60 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്ര പ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജില്ലയില്‍ വലിയരീതിയിലുള്ള കഞ്ചാവ് കടത്ത് പിടിക്കുന്നത്.


കഴിഞ്ഞ ദിവസം തലപ്പാടിയില്‍ കാസര്‍കോട് എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 114 കിലോ കഞ്ചാവുമായി ചെട്ടുംകുഴിയിലെ ജി.കെ മുഹമ്മദ് അജ്മല്‍ (23) അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവ് കടത്ത് പിടിക്കുന്നത്.
ബേക്കല്‍ സി.ഐ. സി.കെ സുനില്‍ കുമാര്‍, എസ്.ഐ.മാരായ രത്‌നാകരന്‍ പെരുമ്പള, കെ. നാരായണന്‍ നായര്‍, ബാലകൃഷ്ണന്‍, ഡാന്‍സാഫ് ടീമിലെ അബൂബക്കര്‍ കല്ലായി, ജിനേഷ്, രാജേഷ് മണിയാട്ട്, ഹോസ്റ്റിന്‍ തമ്പി, ആദൂര്‍ പൊലീസിലെ ചന്ദ്രന്‍ ചേരിപ്പാടി, അശ്വന്ത്, സുരേഷ് രാജപുരം, എ.എസ്.ഐ. മധു, അനില്‍ കുമാര്‍ മാവുങ്കാല്‍ തുടങ്ങിയവര്‍ പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

അറസ്റ്റിലായ സുബൈര്‍

Exit mobile version