Site iconSite icon Janayugom Online

കാറ് കത്തി ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവം: വണ്ടിയില്‍ പെട്രോളിന്റെ സാന്നിധ്യമെന്ന് ഫൊറൻസിക് റിപ്പോർട്ട്

കണ്ണൂരിൽ കാറ് കത്തി ദമ്പതിമാർ മരിച്ച സംഭവത്തിൽ ഫൊറൻസിക് റിപ്പോർട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട പരിശോധനകൾക്ക് ശേഷമാണ് ഫൊറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

ഫെബ്രുവരി രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗർഭിണിയായ ഭാര്യയുമായി കുടുംബം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴി കാറിന് തീപടരുകയായിരുന്നു. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമായിരുന്നു അപകടത്തില്‍ മരിച്ചത്. കാറിൽ നിന്ന് ഇറങ്ങിപ്പോകാൻ പറ്റാത്തവിധത്തിൽ തീപിടിത്തമുണ്ടാകാനുള്ള കാരണം ഷോർട്ട് സർക്യൂട്ട് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ തീയുടെ തീവ്രത ഇത്രയും വർധിക്കാനുള്ള കാരണം എന്തായിരുന്നു എന്നായിരുന്നു പരിശോധിച്ചത്. ഇതിൽ, വാഹനത്തിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കുടുംബം ഇത് നിഷേധിച്ചിരുന്നു. കാറിനുള്ളിൽ വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്നുമായിരുന്നു മരിച്ച റീഷയുടെ അച്ഛൻ പറഞ്ഞിരുന്നത്.

അപകടത്തിന് രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിൽ കാറിൽ പെട്രോളിന്റെ സാന്നിധ്യം ഫൊറൻസിക് സംഘം കണ്ടെത്തിയിരുന്നു. അങ്ങന എങ്കിൽ ഇത് ആരെങ്കിലും കൊണ്ടു വെച്ചതാണോ എന്ന് കുടുംബം സംശയിക്കുന്നുണ്ട്. ഇക്കാര്യം നേരത്തെ തന്നെ കുടുംബം വ്യക്തമാക്കിയിരുന്നു. കുപ്പിക്കുള്ളിൽ ഉണ്ടായിരുന്നത് വെള്ളമായിരുന്നില്ല പെട്രോളായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Eng­lish Summary:couple charred to death as car catch­es fire in kan­nur foren­sic report
You may also like this video

Exit mobile version