Site iconSite icon Janayugom Online

കണ്ണൂരിന് വേണം കൂടുതല്‍ സൗകര്യങ്ങളുള്ള സ്റ്റേഡിയം

നീണ്ട ഇടവേളയ്ക്ക് ശേഷം വിരുന്നെത്തിയ ഫുട്ബോള്‍ ഉത്സവത്തെ മനസറിഞ്ഞ് വരവേറ്റ് കണ്ണൂര്‍. മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായ കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സിയുടെ അഞ്ച് ഹോം മത്സരങ്ങളില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. പലര്‍ക്കും ഇത് ഒരു മത്സരം മാത്രമല്ലായിരുന്നില്ല; ഒരു ഓര്‍മ്മയുടെ മടങ്ങിവരവും, ഒരു സംസ്‌കാരത്തിന്റെ പുനര്‍ജന്മവുമായിരുന്നു. ആദ്യ സീസണില്‍ ഹോം ഗ്രൗണ്ടില്ലാതെ കോഴിക്കോട് പന്ത് തട്ടിയ കണ്ണൂര്‍ വാരിയേഴ്സിനെ രണ്ടാം സീസണില്‍ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു കണ്ണൂരിലെ ഫുട്ബോള്‍ ആരാധകര്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് 66,596 പേരാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്. 

15,000 പേര്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഗ്യാലറിയില്‍ എല്ലാ മത്സരങ്ങള്‍ക്കും 13,319 ശരാശരി ആരാധകര്‍ ഉണ്ടായിരുന്നു. ചില മത്സരങ്ങളില്‍ ആവേശം തല്ലിക്കെടുത്താന്‍ മഴയുണ്ടായെങ്കിലും കാല്‍പന്തിനെ നെഞ്ചിലേറ്റിയ കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അതൊന്നും പ്രശ്‌നമല്ലായിരുന്നു. കോരിചൊരിയുന്ന മഴയത്തും ഫുട്‌ബോളിനോടും കണ്ണൂരിനോടുമുള്ള സ്‌നേഹം നെഞ്ചോട് ചേര്‍ത്ത് സ്വന്തം ടീമിന് പിന്തുണനല്‍കി ആരാധകര്‍. ഫുട്‌ബോള്‍ വീണ്ടും ഈ മണ്ണിലേക്ക് മടങ്ങിയെത്തിയതോടെ, ഫുട്‌ബോളും ആരാധകരും തമ്മിലുള്ള ആത്മബന്ധം വീണ്ടും ഉറപ്പിക്കപ്പെടുകയാണ്. ഫുട്‌ബോള്‍ ഇവിടെ വെറുമൊരും കായിക ഇനം മാത്രമല്ല, വികാരവും, ഐക്യത്തിന്റെ ഭാഷയുമാണ്.

Exit mobile version