Site iconSite icon Janayugom Online

കണ്ണൂർ വിസി പുനർനിയമനം: ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു

KannurKannur

കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു.

സിംഗിൾ ബഞ്ച് വിധിക്കെതിരെ സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. ആദ്യ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനാൽ പുനർ നിയമനത്തിന് ഇത് ബാധകമല്ലെന്ന് കോടതി വിലയിരുത്തി.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ 4 വർഷത്തേക്ക് കൂടി പുനർനിയമിച്ച നടപടിയിൽ സർവ്വകലാശാല ചട്ടങ്ങളുടെ ലംഘനം ഇല്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബഞ്ച് അപ്പീൽ തള്ളിയത്. സർക്കാർ നടപടി സർവ്വകലാശാല ചട്ടത്തിന് വിരുദ്ധം ആണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

അറുപത് വയസാണ് വിസി നിയമനത്തിനുള്ള പരമാവധി പ്രായപരിധി, ഈ ചട്ടം ലംഘിച്ചു എന്നായിരുന്നു പരാതി. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി വ്യക്തമാക്കി. ചട്ട പ്രകാരമുള്ള 60 വയസ് എന്ന പ്രായപരിധി പ്രശ്നമല്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷം ഇനിയെങ്കിലും വിവാദ എപ്പിസോഡുകൾ അവസാനിപ്പിക്കണമെന്ന് മന്ത്രി ആർ ബിന്ദു തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇനിയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മാ പ്രവർത്തനങ്ങളിൽ കണ്ണിചേരാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മാ വികസനമാണ് എൽഡിഎഫിന്റെ ലക്ഷ്യം. ഉന്നത വിദ്യഭ്യാസ രംഗത്തെ തകർക്കാനല്ല സംരക്ഷിക്കാനാണ്‌ ശ്രമിക്കേണ്ടതെന്നും അവർ പറഞ്ഞു.

 

Eng­lish Sum­ma­ry: Kan­nur VC re-appoint­ment: High Court divi­sion bench upholds

You may like this video also

Exit mobile version