Site iconSite icon Janayugom Online

കണ്ണൂര്‍ എല്‍ഡിഎഫിനൊപ്പം; 49 ഗ്രാമ, എട്ട് ബ്ലോക്ക് പഞ്ചായത്തുകളും അഞ്ച് നഗരസഭകളും നേടി

തദ്ദേശതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ല എല്‍ഡിഎഫിനൊപ്പം തന്നെ. ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളില്‍ 18 ഡിവിഷനുകളില്‍ എല്‍ഡിഎഫും ഏഴ് ഡിവിഷനുകളില്‍ യുഡിഎഫും വിജയം നേടി. കഴിഞ്ഞ തവണ 24 ഡിവിഷനുകളില്‍ 17 ഡിവിഷന്‍ എല്‍ഡിഎഫും ഏഴ് ഡിവിഷന്‍ യു ഡി എഫുമാണ് നേടിയത്. എട്ട് ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലും പ്രതിപക്ഷമില്ല. ഇവിടെയെല്ലാം എൽഡിഎഫ് സമ്പൂര്‍ണ വിജയം നേടി. ജില്ലയില്‍ 71 ഗ്രാമപഞ്ചായത്തുകളില്‍ 49 എല്‍ഡിഎഫും 21 യുഡിഎഫും വിജയിച്ചു. അഞ്ചരക്കണ്ടി, അഴീക്കോട്‌, ചെമ്പിലോട്‌, ചെങ്ങളായി, ചെറുകുന്ന്‌, ചെറുതാഴം, ചിറക്കൽ, ചിറ്റാരിപ്പറമ്പ്,ചൊക്ലി, ധർമടം, എരമം കുറ്റൂർ, എരഞ്ഞോളി, ഏഴോം, കടമ്പൂര്‍,കടന്നപ്പള്ളി– പാണപ്പുഴ, കതിരുർ, കല്യാശേരി, കാങ്കോൽ ആലപ്പടമ്പ,കണ്ണപുരം,കരിവെള്ളൂർ പെരളം, കീഴല്ലൂർ, കോളയാട്‌, കൂടാളി, കോട്ടയം, കുഞ്ഞിമംഗലം, കുറുമാത്തൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, മാലൂർ, മാങ്ങാട്ടിടം,മയ്യിൽ, മൊകേരി, മുഴക്കുന്ന്‌, മുഴപ്പിലങ്ങാട്‌, ന്യൂമാഹി, പടിയൂർ കല്യാട്‌, പന്ന്യന്നൂർ, പാപ്പിനിശേരി, പരിയാരം, പാട്യം, പട്ടുവം, പായം, പെരളശേരി, പേരാവൂർ, പെരിങ്ങോം– വയക്കര,പിണറായി, രാമന്തളി, തില്ലങ്കേരി, വേങ്ങാട്‌ എന്നീ 49 ഗ്രാമപഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. ഇതില്‍ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് യുഡിഎഫില്‍ നിന്നും ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇരിക്കൂര്‍, ഇരിട്ടി, കല്യാശേരി, കണ്ണൂര്‍, കൂത്തുപറമ്പ്, പാനൂര്‍, പയ്യന്നൂര്‍, തലശേരി എന്നീ എട്ട് ബ്ലോക്കുകളില്‍ ഇടത് ആധിപത്യം നേടി. 

തദ്ദേശതെരഞ്ഞെടുപ്പ് നടന്ന എട്ട് നഗരസഭകളില്‍ അഞ്ച് നഗരസഭകളില്‍ എല്‍ഡിഎഫ് വിജയം നേടി. മൂന്നില്‍ യുഡിഎഫും വിജയിച്ചു. ആന്തൂര്‍, ഇരിട്ടി, കൂത്തുപറമ്പ്, പയ്യന്നൂര്‍, തലശേരി നഗരസഭകളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് വിജയിച്ചു. 56 ഡിവിഷനുകളില്‍ 36 ഡിവിഷനുകളില്‍ യുഡിഎഫും 15 ഡിവിഷനുകളില്‍ എല്‍ഡിഎഫും നാല് ഡിവിഷനുകളില്‍ എന്‍ഡിഎയും ഒരു ഡിവിഷനില്‍ എസ് ഡിപിഐയും വിജയം നേടി.പിണറായി(21 സീറ്റ്) , പന്ന്യന്നൂർ(16 സീറ്റ്), കാങ്കോൽ — ആലപ്പടമ്പ്(15 സീറ്റ്), കല്യാശ്ശേരി( 20 സീറ്റ്), കണ്ണപുരം (15 സീറ്റ്), കതിരൂർ (20സീറ്റ്), കരിവെള്ളൂർ — പെരളം (15 സീറ്റ്), ചെറുതാഴം (19) പഞ്ചായത്തുകളിലാണ് എൽഡിഎഫ് സമ്പൂർണ ആധിപത്യം നേടിയത്. കഴിഞ്ഞതവണ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും 2 ബ്ലോക്ക് പഞ്ചായത്തുകളിലുമായി 11 പഞ്ചായത്തുകളില്‍ എൽഡിഎഫിന് എതിരില്ലായിരുന്നു. 

തുടര്‍ച്ചയായി രണ്ടു തവണ പ്രതിപക്ഷമില്ലാതിരുന്ന ആന്തൂര്‍ നഗരസഭ ഇത്തവണയും ഇടതിനൊപ്പം ഉറച്ച് നിന്നു. 29 വാര്‍ഡുകളാണ് ആന്തൂര്‍ നഗരസഭയിലുള്ളത്. നാമനിർദേശ പത്രിക സമർപ്പണം കഴിഞ്ഞപ്പോൾ തന്നെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചിരുന്നു. ബാക്കിയുള്ള 24 വാര്‍ഡുകളില്‍ നടന്ന മത്സരത്തിലാണ് യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി എൽഡിഎഫ് വിജയിച്ചത്. 

Exit mobile version