Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ കലോത്സവം; മൂന്നാംദിനത്തില്‍ കണ്ണൂര്‍പ്പെരുമ

കൗമാര പ്രതിഭകളുടെ ഉജ്വല പ്രകടന വേദിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ നാലാം ദിനം. പ്രതിഭകള്‍ മാറ്റുരച്ച മികവുറ്റ പ്രകടനങ്ങൾ കണ്ണും മനസും നിറഞ്ഞ് ആയിരക്കണക്കിന് കാണികൾ ആസ്വദിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പോരാട്ട വീര്യം ഒട്ടും ചോരാതെയായിരുന്നു മൂന്നാം ദിവസത്തെയും പ്രകടനങ്ങൾ. നിലവിൽ 703 പോയിന്റുമായി കണ്ണൂർ തന്നെയാണ് ഒന്നാം സ്ഥാനത്ത്. തൃശൂർ, കോഴിക്കോട് ജില്ലകൾ 698 പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. 692 പോയിന്റുമായി പാലക്കാട്, 671 പോയിന്റുമായി മലപ്പുറം എന്നിവ തൊട്ടുപിറകിലുണ്ട്. ആതിഥേയ ജില്ലയായ തിരുവനന്തപുരം 656 പോയിന്റു നേടി. 

ഇന്നലെ തിരുവാതിര കളി, ഭരതനാട്യം, നാടോടിനൃത്തം, കോൽക്കളി, ചവിട്ടു നാടകം കുച്ചുപ്പുടി, ദഫ് മുട്ട്, മോണോ ആക്ട്, മിമിക്രി, വൃന്ദവാദ്യം, തുള്ളൽ, ശാസ്ത്രീയസംഗീതം, മൂകാഭിനയം, യക്ഷഗാനം, സംഘഗാനം, ബാന്റ് മേളം, കഥാപ്രസംഗം, മലപ്പുലയാട്ടം, കേരള നടനം, പരിചമുട്ട്, വട്ടപ്പാട്ട്, കഥകളി, മദ്ദളം, തബല, ചെണ്ട മേളം, തായമ്പക തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. തിരക്കുകളെല്ലാം മറന്ന് ഒറ്റമനസോടെ തലസ്ഥാന ജനത 63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തെ നെഞ്ചേറ്റി. സംഘാടന മികവുകൊണ്ടും കലോത്സവം ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. മൂന്നാം ദിനം പിന്നിട്ടപ്പോൾ 62 ശതമാനം മത്സരങ്ങൾ പൂർത്തിയായി.

Exit mobile version