Site iconSite icon Janayugom Online

സ്കൂള്‍ അവധിമാറ്റുന്നതില്‍ വിദ്യാഭ്യാസ മന്ത്രിയെ അനുകൂലിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍

സ്കൂള്‍ അവധിമാറ്റുന്നതില്‍ വിദ്യാഭ്യാസ മന്ത്രിയെ അനുകൂലിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. നല്ല ചൂടുള്ള മെയ് മാസവും, മഴയുള്ള ജൂണ്‍മാസവും ചേര്‍ത്ത് കൂട്ടികള്‍ക്ക് അവധി കൊടുക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കില്‍ ചൂട് വര്‍ധിച്ച കാലത്തും, മഴ വര്‍ധിച്ച കാലത്തും കുട്ടികള്‍ക്ക് അവധി ലഭിക്കും. എല്ലാം ആലോചിച്ച് ചെയ്യുന്നതിലൂടെ തര്‍ക്കവും സമരവും ഒക്കെ ഒഴിവാക്കാമെന്നും കാന്തപുരം. കാരന്തൂര്‍ മര്‍കസില്‍ മര്‍കസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സയന്‍സ് ലബോറട്ടറിയുടെയും ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ശിവന്‍കുട്ടിയുമായ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കാന്തപുരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

സ്‌കൂള്‍ സമയം വര്‍ധിപ്പിക്കുന്നതിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സമയം ചുരുക്കാന്‍ ഏറ്റവും നല്ലത്, വര്‍ഷത്തില്‍ മൂന്ന് തവണ നടത്തുന്ന പരീക്ഷ രണ്ടാക്കി ചുരുക്കലാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഉള്ളത് പോലെ ഇവിടെയും നടപ്പാക്കാം. അങ്ങനെ സമയം ലാഭിക്കാന്‍ പറ്റുമെന്നാണ് അഭിപ്രായമെന്നും കാന്തപുരം പറഞ്ഞു. അതേ സമയം സ്‌കൂള്‍ അവധി ചര്‍ച്ചയും, സമയ മാറ്റവും പഠിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം കൊണ്ട് വന്നാലും ഉസ്താദ് അടക്കം ഉള്ളവരോട് കൂടി ആലോചിച്ചേ നടപ്പാക്കൂ. കൂടിയാലോചനകളിലൂടെ മാത്രമേ തീരുമാനങ്ങള്‍ ഉണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി. 

Exit mobile version