Site iconSite icon Janayugom Online

ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും, ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗം നേതാവ്

ഹിജാബ് വിവാദത്തില്‍ കോണ്‍ഗ്രസിനും, മുസ്ലീംലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം വിഭാഗംനേതാവ്.ഒരു സമുദായത്തിന്റെ മൗലികാവകാശം നിഷേധിച്ചിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറിഞ്ഞ മട്ടില്ലെന്ന് എസ് വൈ എസ് ജനറല്‍ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം പറഞ്ഞു. ഹൈബി ഈഡന്‍ എംപി വിദ്യാര്‍ഥിനിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് കാണിച്ച ആര്‍ജവമെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് കാട്ടണമെന്നും റഹ്മത്തുല്ലാഹ് സഖാഫി പറഞ്ഞു. മുസ്ലീം ലീഗ് മൂന്നുദിവസം മൗനവ്രതം ആചരിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തല മറയ്ക്കുന്ന കാര്യത്തില്‍ ഇസ്ലാമില്‍ രണ്ട് അഭിപ്രായമില്ല. കന്യാസ്ത്രീകള്‍ക്ക് നിര്‍ബന്ധമുളളത് പോലെ തന്നെ മുസ്ലീം സ്ത്രീകള്‍ക്കും ശിരോവസ്ത്രം നിര്‍ബന്ധമാണ്. മതാചാരങ്ങള്‍ തീരുമാനിക്കേണ്ടത് കോടതികളല്ല. മുസ്ലീം സ്ത്രീ ശിരോവസ്ത്രം ധരിക്കുന്നത് അന്തസ് കാത്തുസൂക്ഷിക്കാനും ലൈംഗിക വൈകൃതമുളളവരില്‍ നിന്ന് രക്ഷപ്പെടാനുമാണ്‘റഹ്മത്തുല്ലാഹ് സഖാഫി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം കേരളത്തിന്റെ സാംസ്‌കാരിക മാനം കാത്തെന്നും കര്‍ണാടക കോടതിയുടെ ഉത്തരവ് കോണ്‍ഗ്രസ് അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ കോടതിവിധിക്കെതിരെ വിശ്വാസ സംരക്ഷണ സമരവുമായി ഇറങ്ങിയത് എന്തിനാണെന്നും സഖാഫി ചോദിച്ചു. ശിരോവസ്ത്രത്തെ എതിര്‍ത്ത കന്യാസ്ത്രീ സ്വന്തം തലയില്‍ ഉളളത് എന്താണെന്ന് ഓര്‍ത്തില്ലെന്നും ക്രിസ്തീയ സഭയിലെ ഒരുവിഭാഗത്തെ കാസയിസം ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version