Site iconSite icon Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് ‑ജമാഅത്തൈ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ തുറന്ന വിമര്‍ശനവുമായി കാന്തപുരം വിഭാഗം

തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ തുറന്ന വിമര്‍ശനവുമായി കാന്തപുരം വിഭാഗം. എ പി സമസ്തയുടെ മുഖപത്രത്തില്‍ എസ് വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരത്തിന്റെ ലേഖനമാണ് വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്. 

ജമാഅത്തെ ഇസ്ലാമിയുടെ ധൃതരാഷ്ട്രാലിംഗനം എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.സഖ്യവുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ വാദം പരിഹാസ്യമെന്ന് റഹ്മത്തുള്ള സഖാഫി പറയുന്നു. ജമാഅത്തെ ഇസ്ലാമിയുമായല്ല സഖ്യം, വെൽഫെയർ പാർട്ടിയുമായാണ് എന്ന ന്യായീകരണം,ആർഎസ്എസുമായി അല്ല ബിജെപിയുമാണ് സഖ്യം എന്ന് പറയും പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയ ശരീരത്തിന് ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് വേറിട്ട അസ്തിത്വം ഉണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

വെൽഫെയർ പാർട്ടി രൂപീകരിച്ചത് ജമാഅത്തെ ഇസ്ലാമി അല്ല എന്ന് തെളിയിക്കാൻ സാധിക്കുമോ?,മതരാഷ്ട്ര വാദം ഉപേക്ഷിച്ചു എന്ന് പറയാൻ ജമാഅത്തെ ഇസ്ലാമി തയ്യാറായിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും റഹ്മത്തുള്ള സഖാഫി ഉന്നയിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളിൽ ഇപ്പോഴും മതരാഷ്ട്രവാദം ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്ര സങ്കല്പവും മതേതര രാഷ്ട്രീയവും ഒരേ പാത്രത്തിൽ വേവുമെന്ന് തോന്നുന്നില്ലെന്നും വിമർശനമുണ്ട്.

Exit mobile version