Site iconSite icon Janayugom Online

ഇമ്രാൻ ഖാന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണം; കപിൽ ദേവും ഗാവസ്കറും അടക്കമുള്ള മുൻ ക്യാപ്റ്റന്മാർ പാക് സർക്കാരിന് കത്തയച്ചു

ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാന മത്രിയും ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് മാനുഷിക പരിഗണനയും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കപിൽ ദേവും സുനിൽ ഗാവസ്‌കറും ഉൾപ്പെടെയുള്ള ലോക ക്രിക്കറ്റിലെ മുൻ ക്യാപ്റ്റൻമാർ പാക് സര്‍ക്കാരിന് കത്തയച്ചു. സുനിൽ ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെയുള്ള 14 പേരാണ് കത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ പാക് സർക്കാരിന് മേൽ രാജ്യാന്തര സമ്മർദ്ദം ശക്തമാക്കാനാണ് നീക്കം. 

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ കാഴ്ചശക്തി ഗണ്യമായി കുറയുന്നു എന്ന റിപ്പോർട്ടുകളിൽ ക്യാപ്റ്റൻമാർ ആശങ്ക രേഖപ്പെടുത്തി. തന്റെ വലത് കണ്ണിലെ കാഴ്ച ഏകദേശം 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി ഇമ്രാൻ ഖാൻ പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പാക് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇമ്രാൻ ഖാന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരിൽ നിന്ന് തുടർച്ചയായ ചികിത്സ ഉറപ്പാക്കുക. കുടുംബാംഗങ്ങളെ കാണാനുള്ള അവസരവും അന്താരാഷ്ട്ര നിലവാരത്തിലുള്ള തടവ് സാഹചര്യങ്ങളും ഒരുക്കുക. മതിയായ നിയമസഹായം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് കത്തിൽ പറയുന്നത്. 

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലാണ് മുൻ കളിക്കാരെ ഒന്നിച്ചു ചേർത്ത് കത്ത് തയ്യാറാക്കിയത്. ഇന്ത്യൻ താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്‌കർ എന്നിവർക്ക് പുറമെ ഇയാൻ ചാപ്പൽ, അലൻ ബോർഡർ, സ്റ്റീവ് വോ, കിം ഹ്യൂസ്, ബെലിൻഡ ക്ലർക്ക്, ഇംഗ്ലണ്ട് താരങ്ങളായ മൈക്കൽ ആതർട്ടൺ, നാസർ ഹുസൈൻ, ഡേവിഡ് ഗവർ, മൈക്കൽ ബ്രിയർലി, വിൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ് ന്യൂസീലൻഡ് മുൻ താരം ജോൺ റൈറ്റ് എന്നിവരാണ് കത്തിൽ ഒപ്പുവച്ചത്. 

Exit mobile version