സിഎസ്ഐ ദക്ഷിണ മഹായിടവകയുടെ ഉടമസ്ഥതയിലുള്ള കാരക്കോണം മെഡിക്കൽ കോഴക്കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി )കുറ്റപത്രം സമർപ്പിച്ചു. സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് ധർമ്മരാജ് റസാലം അടക്കം നാലു പേരെ പ്രതികളാക്കിക്കൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് ആണ് ഒന്നാം പ്രതി. ബിഷപ് ധർമ്മരാജ് റസാലത്തിന് പുറമെ, കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് ഏബ്രഹാം, സഭാ മുൻ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്.
മെഡിക്കൽ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കഴിഞ്ഞ മാസം കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം, സഭാ സെക്രട്ടറി ടി ടി പ്രവീൺ എന്നിവരെ പലതവണ ചോദ്യം ചെയ്തിരുന്നു. ഇഡി അന്വേഷണം നേരിട്ടിരുന്ന കാലത്ത് കാലത്ത് ധർമ്മരാജ് റസാലം യുകെയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ അധികൃതർ ഇദ്ദേഹത്തെ തിരിച്ചയച്ചിരുന്നു.
അന്തരിച്ച മുൻ മന്ത്രി വി ജെ തങ്കപ്പന്റെ മകൻ വി ടി മോഹനൻ, തലവരി പണം സംബന്ധിച്ച് നൽകിയ പരാതിയിൽ വെള്ളറട പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു.
English Summary:Karakonam Medical College corruption: ED filed charge sheet
You may also like this video