Site iconSite icon Janayugom Online

കരണ്‍ ഭൂഷന്‍ സിങ്ങിന്റെ അകമ്പടി കാര്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷന്‍ സിങ്ങിന്റെ മകനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കരണ്‍ ഭൂഷന്‍ സിങ്ങിന്റെ വാഹനവ്യൂഹത്തിലെ കാര്‍ ഇടിച്ചുകയറി രണ്ട് യുവാക്കള്‍ മരിച്ചു. വഴിയാത്രക്കാരിയായ സ്ത്രീക്കും ഗുരുതര പരിക്കുണ്ട്. ബൈക്ക് യാത്രികരായ ഷെഹ്സാദ് ഖാന്‍ (24), റെഹാന്‍ ഖാന്‍ (19) എന്നിവരാണ് മരിച്ചത്. വാഹനം പിടിച്ചെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. 

ഉത്തര്‍ പ്രദേശിലെ കൈസർഗഞ്ച് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയാണ് കരൺ ഭൂഷൺ സിങ്. അഞ്ചാം ഘട്ടത്തിലായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. ഇന്നലെ രാവിലെ കരണ്‍ സിങ്ങിന്റെ വാഹനവ്യൂഹം കര്‍ണാല്‍ഗഞ്ചിലൂടെ കടന്നുപോകവേയാണ് അപകടമുണ്ടായത്. നാല് വാഹനങ്ങളില്‍ മൂന്നെണ്ണം റെയില്‍വേ ക്രോസ് കടന്നപ്പോള്‍, നാലാമത്തേത് ഗേറ്റില്‍ കുടുങ്ങി. ട്രെയിന്‍ കടന്നുപോയ ശേഷം മറ്റു വാഹനങ്ങള്‍ക്കൊപ്പമെത്താനായി അമിത വേഗത്തില്‍ പോകുന്നതിനിടെ കാര്‍ എതിരെ വന്ന മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. 

ബൈക്കിലുണ്ടായവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വയോധികയെ ഇടിച്ചിട്ടതായി കെര്‍ണാല്‍ഗഞ്ച് എസ്എച്ച്ഒ നിര്‍ഭയ് നാരായണ്‍ സിങ് പറഞ്ഞു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ കുടുംബം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഫോർച്യൂണർ എസ്‍യുവി കാറാണ് അപകടം ഉണ്ടാക്കിയത്. കാറും ഡ്രൈവര്‍ ലവ്കുഷ് ശ്രീവാസ്തവയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയതായി എഎസ്‌പി രാധേ ശ്യാം റായ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. അപകടത്തെ തുടർന്ന് വൻ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി. കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. 

Eng­lish Sum­ma­ry: Karan Bhushan Singh’s escort car col­lides with two youths killed
You may also like this video

Exit mobile version