Site iconSite icon Janayugom Online

‘കരിക്ക് സ്റ്റുഡിയോസ്’: യൂട്യൂബിലെ തരംഗം ബിഗ് സ്ക്രീനിലേക്ക്; ആദ്യ പ്രഖ്യാപനം ഉടൻ

അതിവേഗം മലയാളികളുടെ ഇഷ്ടം നേടിയ യൂട്യൂബ് ചാനലായ ‘കരിക്ക്’ ഇനി ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിൽ സിനിമ, വെബ് സീരീസ്, ഒടിടി രംഗങ്ങളിലെല്ലാം സജീവമാകാൻ ഒരുങ്ങുകയാണെന്ന് കരിക്ക് ടീം ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. “തിയേറ്ററുകളിലേക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുമായി സിനിമകളും വെബ് സീരീസുകളും നിർമ്മിക്കുന്നതിനായി ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന ഇടം ആരംഭിക്കുന്നതായി സന്തോഷപൂർവം അറിയിക്കുന്നു. വർഷങ്ങളായി നിങ്ങൾ നൽകിയ അവിശ്വസനീയമായ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ സ്വപ്നം സാധ്യമാകുമായിരുന്നില്ല. ചലച്ചിത്രനിർമ്മാണത്തിലേക്ക് നടത്തുന്ന ഈ ആവേശകരമായ കുതിപ്പിൽ, നിങ്ങളുടെ തുടർന്നുള്ള പ്രോത്സാഹനവും അനുഗ്രഹങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കരിക്ക് ടീം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആദ്യത്തെ സിനിമാ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അവർ അറിയിച്ചു.

അനു കെ അനിയൻ, ശബരീഷ് സജ്ജൻ, ജീവൻ മാമ്മൻ സ്റ്റീഫൻ, ആനന്ദ് മാത്യൂസ്, ജോർജ്ജ് കോര തുടങ്ങി മികച്ച പ്രകടനം കാഴ്ചവെക്കുന്ന നിരവധി അഭിനേതാക്കൾ കരിക്ക് ടീമിലുണ്ട്. ഇവരുടെ സിനിമാപ്രവേശനത്തിനായി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കരിക്ക് സ്റ്റുഡിയോസിൻ്റെ ആദ്യ ചിത്രം ഈ വർഷം അവസാനത്തോടെ നിർമ്മാണം ആരംഭിക്കുമെന്നും, ഡോ. അനന്തു പ്രൊഡക്ഷൻസ് സഹനിർമ്മാതാവായിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ‘അതിരടി’ എന്ന ചിത്രത്തിൻ്റെ സഹനിർമ്മാതാവാണ് ഡോ. അനന്തു.

Exit mobile version