Site icon Janayugom Online

കരിങ്കല്‍ ക്വാറി: ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ

പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ജസറ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കരിങ്കല്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സ്വമേധയാ എടുത്ത കേസില്‍ ഹരിത ട്രൈബ്യൂണലിന് ഇത്തരത്തില്‍ വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നായിരുന്നു ക്വാറി ഉടമകളുടെ വാദം.

ഈ വാദം ഭാഗികമായി അംഗീകരിച്ച ഹൈക്കോടതി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയും, വിഷയം വീണ്ടും പരിഗണിക്കാന്‍ ട്രൈബ്യൂണലിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ഹരിത ട്രൈബ്യൂണല്‍ വിധി ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും ഹരിത ട്രൈബ്യൂണല്‍ വിധി ബാധകമാകും. നിലവിലെ ചട്ടപ്രകാരം ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ അമ്പത് മീറ്റര്‍ മാറി പാറ പൊട്ടിക്കാം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേസ് അടുത്തമാസം ഒന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Eng­lish sum­ma­ry; Karin­gal Quar­ry: Supreme Court stays High Court judgment

you may also like this video;

Exit mobile version