Site iconSite icon Janayugom Online

കരിന്തലയൻ ഒടുവില്‍ കണ്‍വെട്ടത്തെത്തി

പക്ഷിനിരീക്ഷകർക്ക് മുന്നിൽപ്പെടാതെ ഒളിച്ചു നടക്കുന്ന കരിന്തലയൻ മീൻകൊത്തിയുടെ ചിത്രം സ്വന്തം നാട്ടിൽ നിന്നു തന്നെ ഒപ്പിയെടുക്കാനായതിന്റെ സന്തോഷത്തിലാണ് വൈൽഡ് ലൈഫ് ഫോട്ടാഗ്രാഫറായ ശരത് ഞാറക്കൽ. കുഴുപ്പിള്ളിയിലെ കടലോരമേഖലയിൽ വച്ച് ഈ അപൂർവ താരത്തെ ശരത് ക്യാമറയിലേക്ക് പകർത്തുകയായിരുന്നു. ഞൊടിയിടയ്ക്കുള്ളിൽ പക്ഷിപറന്നകലുകയും ചെയ്തു. 

വർഷങ്ങൾക്ക് മുമ്പു തന്നെ കരിന്തലയൻ മീൻകൊത്തിയെ സമീപമേഖലയിൽ കണ്ടതായി വാർത്തകളുണ്ടായിരുന്നു. അത്ര പെട്ടെന്നൊന്നും കണ്ണിൽപ്പെടാത്ത ഈ സുന്ദരൻ ഇവിടെത്തന്നെ കൂടുകൂട്ടിയിട്ടുള്ളതായാണ് പക്ഷി നിരീക്ഷകർ കരുതുന്നത്.
തലയുടെ മുൻഭാഗത്തെ തൂവലുകൾ കറുത്ത നിറത്തിലുള്ള തൊപ്പി പോലെ കാണപ്പെടുന്നതിനാലാണ് കരിന്തലയൻ മീൻകൊത്തി എന്ന് പേരു ലഭിച്ചത്. ബ്ലാക്ക് ക്യാപ്ഡ് കിങ് ഫിഷർ എന്നാണ് ഇംഗ്ലീഷിലുള്ള പേര്. നീലയും കറുപ്പും കലർന്ന ചിറകുകളാണ് ഈ പക്ഷിക്കുള്ളത്. ചുവന്ന നിറത്തിലുള്ള കാലുകളോടുകൂടിയ ഇവയുടെ വയറിന്റെ ഭാഗം വെള്ളയും മഞ്ഞയും നിറത്തിലായിരിക്കും. 

ജലാശയങ്ങളോട് ചേർന്ന് താമസിക്കുന്ന ഇവയുടെ ഭക്ഷണം മത്സ്യങ്ങളും തവളകളും ചെറുഞണ്ടുകളുമാണ്. വലിയ പ്രാണികളെയും പുഴുക്കളെയും ഇവ ഭക്ഷിക്കാറുണ്ട്. പൊന്മാൻ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന മീൻകൊത്തികളിൽ ചെറി­യ മീൻകൊത്തി, മീൻകൊത്തി ചാത്തൻ, കാക്ക മീൻകൊത്തി എന്നിവയാണ് കേരളത്തിൽ പൊതുവേ കാണപ്പെടുന്നത്. ഇവയുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണ് കരിന്തലയൻ മീൻകൊത്തികൾ.

Eng­lish Summary:Karinthalayan final­ly reached
You may also like this video

Exit mobile version