Site icon Janayugom Online

പൂരക്കളിയില്‍ ഇത്തവണയും ചുവടുപിഴക്കാതെ കരിവെള്ളൂര്‍

വാമൊഴിയുടെ തനിമയും ചുവടുകളുടെ കൃത്യതയും ഐതിഹ്യപ്പെരുമയുമായാണ് കരിവെള്ളൂരിന്റെ പൂരക്കളി സംഘം ഇത്തവണയും കലോത്സവ നഗരിയിലേക്ക് പുറപ്പെട്ടത്. കലോത്സവങ്ങള്‍ എത്ര തന്നെ വന്നുപോയാലും കരിവെള്ളൂരിന്റെ കളരിവിട്ട് പോയിട്ടില്ല പൂരക്കളിയുടെ സമ്മാനം. സംസ്ഥാന സ്കൂള്‍ കലോത്സവത്തോളം തന്നെ പ്രായവുമുണ്ട് കരിവെള്ളൂരിന്റെ പൂരക്കളിക്ക്. കലോത്സവം തുടങ്ങിയ കാലം മുതല്‍ക്കേ സംസ്ഥാന കലോത്സവത്തില്‍ ചോപ്പും ചൊറയും ഉറുമാലും മുറുക്കിക്കെട്ടി കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിക്കുന്നത് കരിവെള്ളൂര്‍ സ്കൂളാണ്. 

അതില്‍ മൂന്ന് പതിറ്റാണ്ടോളം ഒന്നാം സ്ഥാനക്കാരും. സ്ഥാനം മാറി ഗ്രേഡ് വന്നാലും എ ഗ്രേഡിന്റെ തിളക്കം മങ്ങാതെ തന്നെ നില്‍പ്പുണ്ട് കരിവെള്ളൂരിന്റെ കളരിയില്‍. ഇത്തവണയും ആ തിളക്കം ഒട്ടും കുറഞ്ഞിട്ടില്ല. പതിനാറു വര്‍ഷത്തോളമായി സ്കൂളിലെ വിദ്യാര്‍ത്ഥികളെ പൂരക്കളി പഠിപ്പിക്കുന്നത് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ അപ്യാല്‍ മനോജ് തടിയന്‍ കൊവ്വല്‍ ആണ്.
ശിവന്റെ കോപാഗ്നിയില്‍ വെന്ത് വെണ്ണീറായ കാമദേവന്റെ പുനര്‍ജന്മത്തിന് വേണ്ടി കന്യകമാരായ പതിനെട്ട് ദേവസ്ത്രീകള്‍ മൂന്ന് ലോകങ്ങളിലായി (ഭൂമി, സ്വര്‍ഗം പാതാളം) പാടി അവതരിപ്പിച്ച കലയാണ് പൂരക്കളി എന്നാണ് ഐതിഹ്യം. വളപട്ടണം പുഴയ്ക്കും ചന്ദ്രഗിരിപ്പുഴക്കുമിടയില്‍ വരുന്ന കാവുകളിലും ക്ഷേത്രങ്ങളിലുമാണ് പൂരക്കളി സാധാരണയായി കണ്ടുവരുന്നത്.

Eng­lish Summary;Karivellur in Poorakali, ker­ala state school kalol­savam 2023
You may also like this video

Exit mobile version