Site iconSite icon Janayugom Online

ബംഗാളിലെ കർമ്മശ്രീ ഇനി മഹാത്മാ ശ്രീ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎ) നിന്ന് മഹാത്മാഗാന്ധിയുടെ പേര് കേന്ദ്ര സർക്കാർ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ സർക്കാർ തങ്ങളുടെ തൊഴിൽ പദ്ധതിയുടെ പേര് മാറ്റി. സംസ്ഥാനത്തെ 100 ദിവസത്തെ തൊഴിൽ പദ്ധതിയായ ‘കർമ്മശ്രീ’ ഇനി മുതൽ ‘മഹാത്മാ ശ്രീ’ എന്നറിയപ്പെടും. കേന്ദ്രത്തിന്റെ വിബി ജി ആര്‍എഎ ജി ബില്ലിലൂടെ രാഷ്ട്രപിതാവിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ഈ നിർണ്ണായക നീക്കം.

ഗാന്ധിജിയുടെ പൈതൃകം സംരക്ഷിക്കാനും പൊതുജനക്ഷേമ പദ്ധതികളിൽ അദ്ദേഹത്തിന്റെ പേര് നിലനിർത്താനുമാണ് സംസ്ഥാന പദ്ധതിക്ക് ‘മഹാത്മാ ശ്രീ’ എന്ന് പേര് നൽകിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ശനിയാഴ്ച ഈ തീരുമാനത്തിന് അംഗീകാരം നൽകി. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.
അടുത്ത സാമ്പത്തിക വർഷം മുതൽ ‘മഹാത്മാ ശ്രീ’ പദ്ധതിക്ക് കീഴിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പശ്ചിമ ബംഗാൾ ലക്ഷ്യമിടുന്നത്. ഗ്രാമീണ കുടുംബങ്ങൾക്ക് 100 ദിവസം വരെ വേതനത്തോടെയുള്ള തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കേന്ദ്രത്തിന്റെ പുതിയ തൊഴിൽ നിയമം ഗ്രാമീണ തൊഴിലിന്റെ സാമ്പത്തിക ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേല്പിക്കുകയാണെന്നും മമത ബാനർജി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെ പുതിയ ബില്ലിനെതിരെ പാർലമെന്റിന് അകത്തും പുറത്തും തൃണമൂൽ കോൺഗ്രസ് എംപിമാർ പ്രതിഷേധം തുടരുകയാണ്. ക്ഷേമ പദ്ധതികളിൽ നിന്ന് രാഷ്ട്രപിതാവിന്റെ പേര് മായ്ച്ചുകളയാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തിന്റെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ഗാന്ധിജിയുടെ പേരിൽ പദ്ധതി തുടരാൻ ബംഗാൾ തീരുമാനിച്ചത്. അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ പുതിയ പേര് പ്രാബല്യത്തിൽ വരുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Exit mobile version