Site iconSite icon Janayugom Online

ജീവൻ രക്ഷിച്ച കൈകൾക്ക് തുണയായത് സന്നദ്ധ പ്രവർത്തകർ; 80കാരനായ ഡോക്ടര്‍ എഴുന്നേൽക്കാനാകാതെ കിടന്നത് 18 മാസം

സാമ്പത്തികമായി ഉന്നത നിലയിലുള്ള കുടുംബത്തിലെ ഗൃഹനാഥൻ സ്വന്തം വീട്ടിൽ അതീവ ദയനീയാവസ്ഥയിൽ കഴിയേണ്ടി വന്ന വാർത്തയാണ് ഹരിയാനയിലെ കർണാലിൽ നിന്ന് പുറത്തുവരുന്നത്. 80 വയസ്സുകാരനായ റിട്ടയേർഡ് ഹോമിയോപ്പതി ഡോക്ടർ ഹർനൈൽ സിങ്ങിനെയാണ് അപ്ന ആശിയാന എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ രക്ഷപ്പെടുത്തിയത്. 

കർണാലിലെ മീര ഘാട്ടി ചൗക്കിന് സമീപമുള്ള തന്റെ പഴയ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഡോക്ടറുടെ താമസം. മാസങ്ങളായി ഇദ്ദേഹത്തെ പുറത്തുകാണാതിരിക്കുകയും വീട്ടിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് അയൽവാസികൾ സന്നദ്ധ പ്രവർത്തകരെ വിവരം അറിയിച്ചത്. തുടർന്ന് സംഘടനയുടെ പ്രവർത്തകർ എത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

ഡോ. ഹർനൈൽ സിങ്ങിന്റേത് സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ഓസ്‌ട്രേലിയയിലാണ് താമസം. ഭാര്യ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം മക്കൾക്കൊപ്പം വിദേശത്തേക്ക് പോകുകയായിരുന്നു. കർണാലിലെ തന്നെ സെക്ടർ 7‑ൽ ഇവർക്ക് വലിയൊരു വീടുണ്ടെങ്കിലും അവിടെ നിൽക്കാൻ തയ്യാറാകാതെ ഡോക്ടർ തന്റെ പഴയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് വിദേശത്തുള്ള ഭാര്യയെ ബന്ധപ്പെട്ടപ്പോൾ, അദ്ദേഹം മാനസികമായി അത്ര സുഖകരമായ അവസ്ഥയിലല്ലെന്നും അതിനാൽ തനിയെ താമസിക്കാൻ സ്വയം തീരുമാനിച്ചതാണെന്നുമാണ് അവർ പ്രതികരിച്ചത്.

അപ്ന ആശിയാന പ്രവർത്തകനായ രാജ് കുമാർ അറോറയുടെ നേതൃത്വത്തിൽ ഡോക്ടറെ കുളിപ്പിച്ച് വൃത്തിയാക്കി സംഘടനയുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായും അധികൃതർ അറിയിച്ചു. 

Exit mobile version