Site iconSite icon Janayugom Online

സെമിഫൈനലില്‍ കേരളത്തിന് കര്‍ണാടക; മണിപ്പുരിന് ബംഗാള്‍

അവസാന ഗ്രൂപ്പ് മത്സരം വരെ നീണ്ട ആകാംക്ഷക്കൊടുവില്‍ സന്തോഷ് ട്രോഫിയുടെ സെമിഫൈനല്‍ ചിത്രം വ്യക്തം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരും ആതിഥേയരായ കേരളത്തിന് ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയാണ് എതിരാളികള്‍. ഗ്രൂപ്പ് ബി യിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പുരും ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരായ ബംഗാളും ത­മ്മില്‍ ഏറ്റുമുട്ടും. വ്യാഴാഴ്ച നടക്കുന്ന ഒന്നാം സെമി­യില്‍ കേരളവും രണ്ടാം സെമിയില്‍ മണിപ്പുരും കളത്തിലിറങ്ങും. വെള്ളിയാഴ്ചയാണ് രണ്ടാം സെ­മിഫൈനല്‍. രണ്ട് മത്സരങ്ങളും രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. മെയ് രണ്ടിനാണ് ഫൈനല്‍.

ഇന്നലെ നടന്ന ഗ്രൂപ്പ് ബി യിലെ മത്സരങ്ങള്‍ സെമി സാധ്യത ഏറെ ഉണ്ടായിരുന്ന ഒഡിഷക്ക് പട്ടാള ടീം മടക്ക ടിക്കറ്റ് നല്‍കിയപ്പോള്‍ ഗുജാറാത്തിനെ വലിയ മാര്‍ജിന് തോല്‍പ്പിച്ച് കര്‍ണാടക തങ്ങള്‍ക്കുണ്ടായിരുന്ന നേ­രിയ സെമിസാധ്യത യാഥാര്‍ത്ഥ്യമാക്കി. സര്‍വീസസിനോട് രണ്ട് ഗോളുകള്‍ക്ക് തോറ്റത് ഒഡിഷയുടെ സെമി സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞു. ഏഴു പോയിന്റുള്ള ഒഡിഷക്ക് സമനില ലഭിച്ചാല്‍ പോലും സെമിയിലേക്ക് മുന്നേറാന്‍ സാധ്യത ഉണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയിലെ സര്‍വീസസിന്റെ അപ്രതീക്ഷതമായി മുന്നേറ്റം എല്ലാം അവസാനിപ്പിച്ചു. ഒഡിഷ തോറ്റതോടെ മൂന്നുഗോളുകള്‍ക്ക് ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ സെമിയിലേക്കെത്താമെന്ന സാധ്യത മുന്നില്‍ കണ്ട് പയ്യനാട് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയ കര്‍ണാടക തകര്‍പ്പന്‍ പ്രകടനത്തിലൂടെ അവസാന നാലിലെത്തി.

കലാശപ്പോരിലേക്ക് ആരൊക്കെ ?

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. മേഘാലയയാണ് കേരളത്തെ സമനിലയില്‍ കുരുക്കിയത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ബംഗാളിനെയും അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെയും തോല്‍പ്പിച്ചാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടീമിന്റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളില്‍ നിന്നായി ഒരു ഹാട്രിക്ക് അടക്കം അഞ്ച് ഗോളാണ് ജിജോ ജോസഫ് നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് മേഘാലയക്കെതിരെ രണ്ടും പഞ്ചാബിനെതിരെ മൂന്നും ഗോളുകള്‍ ടീം വഴങ്ങി. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്റ് സ്വന്തമാക്കിയ കര്‍ണാടക ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമിക്ക് യോഗ്യത നേടിയത്.

ഏപ്രില്‍ 29 ന് രാത്രി 8.00 മണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത ഉറപ്പിത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനും മൂന്നാം മത്സരത്തില്‍ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച ടീം രണ്ടാം മത്സരത്തില്‍ ഒഡിഷക്ക് മുന്നില്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിനെയും മേഘാലയയെയും പരാജയപ്പെടുത്തിയാണ് സെമി യോഗ്യത ഉറപ്പിച്ചത്.

Eng­lish sum­ma­ry; Kar­nata­ka beat Ker­ala in semi­fi­nals; Ben­gal to Manipur san­tosh trophy

You may also like this video;

Exit mobile version