Site icon Janayugom Online

കര്‍ണാടകയില്‍ 5.31 കോടി വോട്ടര്‍മാര്‍; മുതിര്‍ന്നവര്‍ക്കും അംഗപരിമിതര്‍ക്കും വീട്ടിലിരുന്ന് വോട്ടുചെയ്യാന്‍ സംവിധാനം

മെയ് 10ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുകുത്താനൊരുങ്ങുന്നത് 5,31,33,054 വോട്ടർമാര്‍. ഇവരിൽ 16 ലക്ഷം പേർ നവാഗതരാണ്. 80 വയസും അതിൽ കൂടുതലുമുള്ള 1,13,300 മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും വീട്ടിലിരുന്നും വോട്ട് ചെയ്യാനുള്ള (വോട്ട് ഫ്രം ഹോം) സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇക്കുറി. ഇത്തരം സൗകര്യം തിരഞ്ഞെടുത്ത വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

വോട്ടുചെയ്യാനുള്ള ദിവസവും സമയവും ഇവരെ മുൻകൂട്ടി അറിയിക്കും. രണ്ട് പോളിങ് ഓഫീസര്‍മാര്‍, ഒരു വീഡിയോഗ്രാഫർ, ഒരു പൊലീസുകാരൻ, രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ സൗകര്യം. അത്തരം വോട്ടർമാരുടെ വീടുകൾ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം വോട്ടിങ് കമ്പാർട്ട്മെന്റും ബാലറ്റും നൽകും. മുഴുവൻ പ്രക്രിയയും വീഡിയോയില്‍ റെക്കോഡ് ചെയ്യുമെന്ന് കര്‍ണാടക ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ വിവരിച്ചു.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 5,05,15,011 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത്തവണ 18നും 19നും ഇടയിൽ പ്രായമുള്ള 11,71,558 യുവവോട്ടർമാരുൾപ്പെടെ 25 ലക്ഷത്തിന്റെ വർധനയുണ്ടായി. വോട്ടര്‍പട്ടികയിലെ നൂറുശതമാനം പേര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. 16 നിയോജക മണ്ഡലങ്ങളിൽ ഇരട്ട ബാലറ്റ് ഉപയോഗിക്കും. 15ൽ അധികം സ്ഥാനാർത്ഥികള്‍ ഉള്ളതിനാലാണിത്. കന്നഡയിലോ ഇംഗ്ലീഷിലോ ഉള്ള എല്ലാ വിവരങ്ങളുമുള്ള ഒരു വോട്ടർ ഗൈഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിതരണം ചെയ്യും.

റാമ്പുകൾ, കുടിവെള്ളം, വൈദ്യുതി, ഫർണിച്ചർ, ഇരിപ്പിടങ്ങളോടുകൂടിയ കാത്തിരിപ്പ് മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളോടെ 58,545 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ പറ‌ഞ്ഞു. 3,59,253 പോളിങ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിക്കുന്നത്.

Eng­lish Sam­mury: Kar­nata­ka has 5,31,33,054 reg­is­tered vot­ers for the May 10 Assem­bly elections

 

Exit mobile version