മഹാരാഷ്ട്ര‑കര്‍ണാടക അതിര്‍ത്തി തർക്കത്തിനിടെ ബെലഗാവിയിലെ ഇന്റർ കോളജ് ഫെസ്റ്റിൽ കർണാടക പതാക ഉയർത്തിയതിന്റെ പേരില്‍ സംഘര്‍ഷം. ബെലഗാവിയിലെ ഗോഗ്‌ടെ കോളജ് ഓഫ് കൊമേഴ്‌സിലാണ് സംഭവം. ഡിജെയ്ക്കിടെ കര്‍ണാടക പതാക ഉയര്‍ത്തിയ രണ്ടാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സ് (പിയുസി) വിദ്യാർത്ഥിയായ ശ്രയസിനെ സഹപാഠികൾ മർദ്ദിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെലഗാവിയിൽ കർണാടക അനുകൂല സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധവുമായെത്തി. ബെലഗാവിയിലെ പല കോളജുകളിലും മറാത്തി സംസാരിക്കുന്ന ആളുകളാണ് ആധിപത്യം പുലർത്തുന്നത്. കന്നഡ സംസ്‌കാരത്തെയും കന്നഡക്കാരെയും അപമാനിക്കുന്ന സമാനമായ സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണാടക അനുകൂല സംഘടനയായ കന്നഡ രക്ഷണ വേദികെ (കെആർവി) ആരോപിച്ചു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് വരെ പ്രതിഷേധം തുടരുമെന്നും കെആർവി അംഗമായ ദീപക് ഗുഡഗ പറഞ്ഞു.
അതേസമയം കേസ് നല്‍കുന്നതിനെത്തിയ കുട്ടിയെ പൊലീസ് മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്ന് 1960-കളിലാണ് അതിർത്തി തർക്കം ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി വിഷയം സുപ്രീം കോടതിയിൽ തുടരുകയാണ്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിൽ പരോക്ഷമായി അവകാശവാദമുന്നയിച്ച് അടുത്തിടെയും രംഗത്തെത്തിയിരുന്നു.
English Summary:Karnataka flag during border dispute; Conflict in college
You may also like this video