സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഫേസ്ബുക്ക് പൂട്ടിക്കുമെന്ന് കർണാടക ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കേസന്വേഷണത്തിൽ കർണാടക പൊലീസിനോട് സഹകരിച്ചില്ലെങ്കിൽ അടച്ചുപൂട്ടാന്‍ ഉത്തരവിടുമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൗദി അറേബ്യയിൽ ജയിലിലായ ഇന്ത്യൻ പൗരനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്കിനെ വിമര്‍ശിച്ചത്. കവിത എന്ന സ്ത്രീയുടെ പരാതിയിലാണ് കോടതിയുടെ വിമർശനം. ഒരാഴ്ചക്കുള്ളിൽ കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻ സൗദിയിൽ അറസ്റ്റിലായതിനെ തുടർന്ന് എന്ത് നടപടിയെടുത്തുവെന്ന് വിശദമാക്കാൻ കേന്ദ്രസർക്കാരിനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ 25 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കവിത കോടതിയെ സമീപിച്ചത്. 2019 ല്‍ പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തെയും ദേശീയ പൗരത്വ നിയമത്തെയും (എന്‍ആര്‍സി) അനുകൂലിച്ച് ശൈലേന്ദ്രകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ടിലുടെ സൗദി രാജാവിനെയും ഇസ്ലാം മതത്തെയും അപമാനിച്ച് കുറിപ്പുകള്‍ വന്നു. ഇതേ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിനിടെ മംഗളൂരു പൊലീസ് ഫേസ്ബുക്കിൽ നിന്നും വിവരങ്ങൾ തേടിയെങ്കിലും ലഭ്യമാക്കിയില്ല. തുടർന്നാണ് കോടതി രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. കേസില്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് 2021ലാണ് കവിത ഹൈക്കോടതിയെ സമീപിച്ചത്. ശൈലേന്ദ്രകുമാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കവിത കത്തയച്ചിരുന്നു.
English Summary: Karnataka HC threatens to close down Facebook in India
You may also like this video