Site iconSite icon Janayugom Online

പോക്സോ പ്രതിയെ വെറുതെ വിട്ട ജ‍ഡ്ജിയെ നിയമം പഠിക്കാനയച്ച് കര്‍ണാടക ഹൈക്കോടതി

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പീ‍‍‍ഡിപ്പിച്ച പ്രതിയെ വെറുതെ വിട്ട പോക്സോ കോടതി ജ‍ഡ്ജിയെ നിയമ പരിശീലനത്തിനയച്ച് കര്‍ണാടക ഹൈക്കോടതി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്ന് പഠിച്ച് തിരികെ വരാനും പോക്സോ കോടതി ജഡ്ജിയോട് കര്‍ണാടക ഹൈക്കോടതി പറഞ്ഞു.കര്‍ണാടക ജൂഡീഷ്യല്‍ അക്കാദമിയിലാണ് പോക്‌സോ കോടതി ജഡ്ജി പരീശീലനം നേടേണ്ടത്.

പോക്‌സോ കോടതി വെറുതെ വിട്ട പ്രതിയെ ഹൈക്കോടതി ശിക്ഷിക്കുകയും പ്രതിക്ക് 5 വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. മാത്രവുമല്ല പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. ദൃക്‌സാക്ഷികളില്ലെന്നും പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നും പറഞ്ഞായിരുന്നു വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പോക്‌സോ കോടതി വെറുതെ വിട്ടത്. 

2020ലെ ഈ വിധിയില്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ പ്രതിക്കും വിധി പ്രസ്താവിച്ച പോക്‌സോ കോടതിയിലെ ജഡ്ജിക്കുമെതിരെ കര്‍ണാടക ഹൈക്കോടതി നടപടിയെടുത്തിരിക്കുന്നത്.ഇത്തരം കേസുകളില്‍ സാഹചര്യത്തെളിവുകളെ സാങ്കേതികായി വിശകലനം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ബെല്ലാരി ഡിസ്ട്രിക് ആന്‍ഡ് സ്‌പെഷ്യല്‍ പോക്‌സോ ജഡ്ജിയെയാണ് കര്‍ണാടക ഹൈക്കോടതി പരിശീലനത്തിനയച്ചത്.

Eng­lish Summary:

Kar­nata­ka High Court sent the judge who acquit­ted the POCSO accused to study law

You may also like this video:

Exit mobile version