ലൈംഗികാതിക്രമ കേസുകളില്‍ പുതിയ നിയമപ്രകാരം സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതി. ലൈംഗികാതിക്രമ- ബലാത്സംഗ കേസുകളിലെ ഇരകളുടെ വൈദ്യപരിശോധന വനിതാ ഡോക്ടര്‍മാര്‍തന്നെ നടത്തണമെന്ന് ഉറപ്പുവരുത്തണമെന്നും കര്‍ണാടക ഹൈക്കോടതി പറഞ്ഞു. ഇതിനായി പുതിയ ക്രിമിനല്‍ നിയമം ബിഎൻഎസ്എസിന്റെ 184-ാം വകുപ്പിൽ സമുചിതമായ ഭേദഗതി വരുത്തണമെന്ന് ജൂലൈ 15ന് ജസ്റ്റിസ് എം ജി ഉമ പുറപ്പെടവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നു. റദ്ദാക്കിയ സിആർപിസി സെക്ഷൻ 164 എയുടെ പദാനുപദ പകർപ്പാണ് ബിഎൻഎസ്എസിന്റെ 184-ാം വകുപ്പെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമക്കേസിലെ പ്രതി അജയ് കുമാർ ബെഹ്‌റ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. ജാമ്യാപേക്ഷ നിരസിക്കുന്നതിനിടയില്‍ കേസിലെ അതിജീവിതയെ രണ്ട് വ്യത്യസ്ത ആശുപത്രികളിലായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഒരു പുരുഷ ഡോക്ടർ നടത്തിയ ആദ്യ മെഡിക്കൽ പരിശോധന ആറ് മണിക്കൂർ നീണ്ടുനിന്നു. എന്നിട്ട് പോലും പ്രാഥമിക മെഡിക്കൽ വിലയിരുത്തൽ റിപ്പോർട്ട് നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.
പ്രായപൂർത്തിയാകാത്ത ഇരകളെ വനിതാ ഡോക്ടർമാർ മാത്രം പരിശോധിക്കണമെന്നാണ് പോക്‌സോ നിയമം അനുശാസിക്കുന്നത്. അതുപോലെതന്നെ സിആര്‍പിസി,ബിഎൻഎസ്എസ് എന്നിവയുടെ 53, 51 വകുപ്പുകൾ പ്രകാരം കുറ്റാരോപിതരായ സ്ത്രീകളെയും വൈദ്യപരിശോധയ്ക്കിരയാക്കുമ്പോള്‍ വനിതാ ഡോക്ടറുടെ സാന്നിദ്ധ്യംവേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
English Summary: Karnataka High Court to protect privacy of victims in cases
You may also like this video