കർണാടകയിൽ ശൈത്യതരംഗം അതിരൂക്ഷമാകുന്നു. സംസ്ഥാനത്തെ പകുതിയോളം ജില്ലകളിൽ കുറഞ്ഞ താപനില റെക്കോർഡ് നിലവാരത്തിലേക്ക് താഴ്ന്നതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയ പത്ത് വർഷങ്ങളിൽ ഭൂരിഭാഗവും 2005ന് ശേഷമാണെന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലാണ് ബംഗളൂരു റൂറൽ (9.5°C), മൈസൂരു (8.1°C), റായ്ച്ചൂർ (7.1°C), വിജയപുര (6°C), ബീദർ (5.6°C) എന്നിവിടങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ബാഗൽകോട്ടിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയായ 6.6°C രേഖപ്പെടുത്തിയത് 2022ന് ശേഷമാണ്. കലബുറഗി, ചിത്രദുർഗ, ഹാസൻ, ചിക്കമംഗളൂരു തുടങ്ങിയ ജില്ലകളിലും താപനില 10 ഡിഗ്രിക്ക് താഴെയെത്തി.
ജെറ്റ് സ്ട്രീമുകൾ, പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം എന്നിവയാണ് നിലവിലെ കടുത്ത തണുപ്പിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വനനശീകരണവും പ്രാദേശികമായ പാരിസ്ഥിതിക മാറ്റങ്ങളും താപനിലയിലെ ഈ തീവ്രമായ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഡിസംബറിനേക്കാൾ തണുപ്പേറിയ ജനുവരി മാസമാണ് വരാനിരിക്കുന്നതെന്നും ധാർവാഡ്, ബെലഗാവി, ഹാവേരി, ദാവൻഗെരെ, ബംഗളൂരു മേഖലകളിൽ താപനില ഇനിയും താഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടുത്ത തണുപ്പ് ആരോഗ്യപ്രശ്നങ്ങൾക്കും കൃഷിനാശത്തിനും കാരണമായേക്കുമെന്നതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

