Site iconSite icon Janayugom Online

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം: കര്‍ണാടക മന്ത്രിക്കെതിരെ കേസെടുത്തു

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കര്‍ണാടക മന്ത്രി മുനിരത്നയ്ക്കെതിരെ പൊലീസ് കേസെടുത്തു. ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്ന പരാതിയിലാണ് ബസവരാജ് ബൊമ്മെ സർക്കാരിൽ ഹോർട്ടികൾച്ചർ മന്ത്രിയായ മുനിരത്നയ്ക്കെതിരെ കേസെടുത്തത്. ഈ നിമിഷം പോലും ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്നും ചേരികളിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനമെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്.

മാര്‍ച്ച് 31 ന് സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുനിരത്‌നയുടെ പരാമര്‍ശം. 1400 ആളുകളുള്ള സ്ഥലത്ത് 400 പേരും മതംമാറി. മതപരിവര്‍ത്തനത്തിനായി അവര്‍ വന്നാല്‍ പുറത്തേക്ക് തള്ളുകയോ പൊലീസില്‍ പരാതി നല്‍കുകയോ വേണമെന്നും മന്ത്രി ആഹ്വാനം ചെയ്തിരുന്നു. ബൃഹത് ബംഗളൂരു മഹാനഗര പാലികെയിലെ ഇലക്ഷൻ ഫ്ലയിങ് സ്‌ക്വാഡ്-11 ടീം ലീഡർ മനോജ് കുമാറാണ് മുനിരത്നയ്ക്കെതിരെ പരാതി നൽകിയത്. മുനിരത്നയുടെ പരാമർശങ്ങൾ സാമുദായിക സൗഹാർദം തകർക്കുകയും ക്രിസ്ത്യാനികളെ അപമാനിക്കുകയും ചെയ്തുവെന്നും കുമാർ പറഞ്ഞു.

വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐപിസി സെക്ഷൻ 153 എ വകുപ്പ് പ്രകാരവുമാണ് രാജരാജേശ്വരി നഗർ പൊലീസ് മന്ത്രിക്കെതിരെ കേസെടുത്തത്. കഴിഞ്ഞയാഴ്ച കോൺഗ്രസിന്റെ രാജരാജേശ്വരി നഗർ സ്ഥാനാർത്ഥി കുസുമ ഹനുമന്തരായപ്പയും മുനിരത്നയ്ക്കെതിരെ പരാതി നൽകിയിരുന്നു.

Eng­lish Sum­ma­ry: Kar­nata­ka Min­is­ter booked for hate speech against Christians
You may also like this video

Exit mobile version