Site icon Janayugom Online

റൊഹിങ്ക്യന്‍ വംശജരെ നാടുകടത്താന്‍ പദ്ധതിയില്ലെന്ന് കര്‍ണാടക

ബംഗളൂരുവില്‍ താമസിച്ചുവരുന്ന 72 റൊഹിങ്ക്യന്‍ വംശജരെ ഉടന്‍ നാടുകടത്താന്‍ പദ്ധതിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. റൊഹിങ്ക്യന്‍ വംശജരെ കണ്ടെത്തി ഉടന്‍ നാടുകടത്തണമെന്ന ഹർജിയെ എതിര്‍ത്താണ് കര്‍ണാടക സര്‍ക്കാര്‍ കോടതി മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചത്.

അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും അര്‍ഹതയില്ലാത്തതാണെന്നും തള്ളിക്കളയണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ‘ബംഗളൂരു സിറ്റി പൊലീസ് തങ്ങളുടെ അധികാരപരിധിയിലുള്ള ഏതെങ്കിലും ക്യാമ്പിലോ തടങ്കല്‍ കേന്ദ്രത്തിലോ റൊഹിങ്ക്യകളെ പാര്‍പ്പിച്ചിട്ടില്ല. എന്നാല്‍ ബംഗളൂരു സിറ്റിയില്‍ തിരിച്ചറിഞ്ഞ 72 റൊഹിങ്ക്യന്‍ വംശജര്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബംഗളൂരു സിറ്റി പൊലീസ് അവര്‍ക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും എടുത്തിട്ടില്ലെന്നും അവരെ നാടുകടത്താന്‍ ഉടനടി പദ്ധതിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

ബംഗ്ലാദേശികളും റൊഹിങ്ക്യകളും ഉള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും ഒരു വര്‍ഷത്തിനകം കണ്ടെത്താനും തടങ്കലില്‍ വയ്ക്കാനും നാടുകടത്താനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹർജിക്ക് മറുപടിയായാണ് കര്‍ണാടക സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Eng­lish Sum­ma­ry : kar­nata­ka not plan­ning to expell rohingyans

You may also like this video :

Exit mobile version